ന്യൂഡൽഹി; മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്‌കറെ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞ ചൈനയുടെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ.
ഐക്യരാഷ്‌ട്ര സഭയുടെ തീവ്രവാദ വിരുദ്ധ യോഗത്തിലാണ് ഇന്ത്യൻ പ്രതിനിധി പ്രകാശ് ഗുപ്ത ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
ചൈനയുടെ നീക്കം രാഷ്‌ട്രീയ താത്പര്യം മാത്രം മുൻ നിർത്തിയാണ്. വിവിധ അംഗരാജ്യങ്ങൾ പിന്തുണച്ചിട്ടും നിർദ്ദേശം നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ ആഗോള ഭീകരവിരുദ്ധ പോരാട്ടത്തിൽ ഗുരുതരമായ തെറ്റുണ്ട്്, ഒപ്പം തടസ്സവുമുണ്ട് പ്രകാശ് ഗുപ്ത യുഎന്നിൽ വ്യക്തമാക്കി. വിവിധ രാജ്യങ്ങൾ ഭീകരനായി പ്രഖ്യാപിച്ച ഭീകരനെതിരായ നീക്കമാണ് വെറും സ്വാർത്ഥതയുടെയും രാഷ്‌ട്രീയ താത്പര്യത്തിന്റെയും പേരിൽ ചൈന തടയിട്ടത്. ഭീകരതയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കാനുള്ള ആർജ്ജവം നമ്മുക്ക് ഇപ്പോഴുമില്ല പ്രകാശ് ഗുപ്ത വ്യക്തമാക്കി. ഭീകരവാദത്തിൽ ഇരട്ടത്താപ്പും ന്യായീകരണവും കാണിക്കുന്ന രാജ്യങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല പ്രകാശ് ഗുപ്ത യുഎന്നിൽ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിൽ 166 പേരുടെ മരണത്തിന് കാരണക്കാരനായ സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണ് ചൈന എതിർത്തത്. അമേരിക്കയും ഇന്ത്യയും സംയുക്തമായി യുഎന്നിൽ നടത്തിയ നീക്കത്തിനാണ് ചൈന പിന്നിൽ നിന്ന് കുത്തിയത്. ഇയാളുടെ ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്.
പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ ത്വയ്ബയിലെ മുതിർന്ന അംഗമാണ് സാജിദ് മിർ. 2022 സെപ്തംബറിലും സാജിദ് മിറിനെ കരിമ്പട്ടികയിലുൾപ്പെടുത്താൻ നിർദേശിച്ചപ്പോൾ ചൈന തടഞ്ഞിരുന്നു. അന്ന് കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണെന്നും താത്കാലികമായി നിർദേശത്തെ എതിർക്കുന്നു എന്നായിരുന്നു ചൈനയുടെ വാദം. എന്നാൽ ഇപ്പോൾ നിർദേശത്തെ ചൈന പൂർണമായും എതിർക്കുകയാണ്. മുംബൈ ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിർവ്വഹണത്തിലും പ്രധാന പങ്ക് വഹിച്ച സാജിദ് മിർ ലഷ്‌കറിന്റെ ഓപ്പറേഷൻസ് തലവനായിരുന്നുവെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും കണ്ടെത്തിയിരുന്നു.
Comments