ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്പതിഷ്ണുവായ പരിഷ്‌കർത്താവെന്ന് പ്രശംസിച്ച് അമേരിക്കൻ ശതകോടീശ്വരനും നിക്ഷേപകനുമായ റേ ഡാലിയോ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ നിർണായക ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂയോർക്കിലെത്തിയ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഡാലിയോ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യയുടെ സാധ്യതകൾ വളരെ വലുതാണ്. ഇന്ത്യയിൽ അതിശയിപ്പിക്കുന്ന മാറ്റങ്ങൾ സംഭവിക്കും. രാജ്യത്തിന് പരിവർത്തനാത്മക മാറ്റങ്ങൾ കൊണ്ടുവരാനിള്ള കഴിവും ജനപ്രീതിയുമുള്ള ഒരു സമൂലമായ പരിഷ്‌കർത്താവാണ് നരേന്ദ്രമോദി. അതിനാൽ ഇന്ത്യയിൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കു’മെന്നും ഡാലിയോ പറഞ്ഞു.
ന്യൂയോർക്കിലെ ഹെഡ്ജ് ഫണ്ട് ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്‌സിന്റെ സഹസ്ഥാപകനാണ് റേ ഡാലിയോ. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയക്ക് ഇന്ത്യൻ പ്രവാസികളുടെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യങ്ങൾ ഹോട്ടലിൽ അലയടിച്ചപ്പോൾ പ്രവാസികൾ പ്രധാനമന്ത്രിയെ കണ്ട് ആഹ്ലാദിക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ന് യുഎൻ ആസ്ഥാനത്ത് യോഗ ദിനാചരണത്തിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുകയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ജൂൺ 23-ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ചർച്ചകൾ നടത്തും. ഇതിന് പുറമേ പ്രമുഖ സിഇഒമാർ, പ്രൊഫഷണലുകൾ എന്നിവരുമായും പ്രധാനമന്ത്രി സംവദിക്കും.
Comments