എക്കാലവും പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത സത്യൻ അന്തിക്കാട് ചിത്രം ‘സന്ദേശം’ ആരും മറക്കില്ല..അതിലെ കഥാപാത്രങ്ങളും എന്നും മലയാൡയുടെ മനസിൽ തങ്ങിനിൽക്കുന്നവയാണ്. വിദ്യാർത്ഥി അവകാശങ്ങൾക്കായി സ്വന്തം സംഘടനയുണ്ടാക്കി ആ സംഘടനയ്‌ക്കായി കൊടിപിടിച്ചതിന് അടികൊണ്ട പ്രശാന്തൻ കോട്ടപ്പള്ളിയെ അങ്ങനെയാരും മറക്കാനിടയില്ല. സിനിമയിൽ പഠിക്കാൻ വിമുഖത കാട്ടിയ പ്രശാന്തൻ റിയൽ ലൈഫിൽ പഠിച്ചു നല്ല ഒന്നാന്തരമായി തന്നെ. ആളിപ്പോൾ ഡോക്ടറാണ്. ഡോ. രാഹുൽ ലക്ഷ്മൺ, ഭാര്യ ഡോ. ലക്ഷ്മി. എറണാകുളം വടുതലയിൽ ക്ലിനിക് നടത്തുകയാണ് ഈ ഡോക്ടർ ദമ്പതിമാർ. 32 വർഷത്തിനു ശേഷം വീണ്ടും ക്യാമറയ്‌ക്ക് മുന്നിലെത്തുകയാണ് രാഹുൽ ലക്ഷ്മൺ. എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സിനിമയിൽ ഡോക്ടർ ആയിത്തന്നെയാണ് രാഹുൽ എത്തുന്നത്.
സന്ദേശം ഒക്കെ കഴിഞ്ഞ് ഒരിക്കൽ സ്‌കൂളിലെ ഹെഡ് മാസ്റ്ററായ അച്ചൻ എന്നോട് ചോദിച്ചു, ”നീ ഒരു മിമിക്രി ആർടിസ്റ്റല്ലേ, നീ എന്നെപ്പോലും അനുകരിക്കാറുണ്ട്. നിനക്ക് ഒരു റാങ്ക് ഹോൾഡറിനെ അനുകരിച്ചുകൂടേ?”. അത് എന്റെ ഉള്ളിൽ ശരിക്കു പതിഞ്ഞു. അന്ന് മുതൽ കഠിനമായി പരിശ്രമിച്ച് പഠിക്കാൻ തുടങ്ങി. ‘സന്ദേശ’ത്തിൽ ഒടുവിലത്തെ സീൻ ചേട്ടന്മാർ ജോലിക്കു പോകുന്നതും എന്നെ സ്‌കൂളിലേക്ക് തള്ളിവിടുന്നതുമാണ്. അത് ശരിക്കും സത്യമായി. രാഹുൽ പറഞ്ഞു.
‘സന്ദേശം’ സിനിമയ്‌ക്കു ശേഷം ചിത്രലേഖ എന്നൊരു സീരിയലും താരം ചെയ്തിരുന്നു. അതിനു ശേഷം അഭിനയിച്ചില്ല. പിന്നെ പഠനവും ആഗ്രഹ സാക്ഷാത്കാരമായ എംബിബിഎസ് തിരക്കുകളുമായി രാഹുൽ അഭിനയത്തോട് സുല്ലിടുകയായിരുന്നു. സന്ദേശത്തിന് മുൻപ് പിറവി എന്ന ഷാജി എൻ കരുൺ ചിത്രത്തിലൂടെയാണ് അഭിനയത്തിന് ഹരിശ്രീ കുറിയ്‌ക്കുന്നത്. പിന്നീട് പി.എൻ. മേനോന്റെ ‘മണിഓർഡർ’ എന്ന ചിത്രത്തിൽ നെടുമുടി വേണുവിന്റെ മകനായും അഭിനയിച്ചു.
88 മുതൽ 92 വരെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ മിമിക്രിക്കും മോണോ ആക്ടിനും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ആ സമയത്താണ് പിറവിയിൽ അഭിനയിച്ചത്. മുപ്പത്തിരണ്ടു വർഷങ്ങൾക്ക് ശേഷമാണു ക്യാമറയ്‌ക്കു മുന്നിൽ എത്തുന്നത്. അന്ന് ശ്രദ്ധിക്കപ്പെട്ട ഒരു വേഷം എഴുതിയത് ശ്രീനിയേട്ടൻ ആണ് ഇപ്പോൾ ശ്രീനിയേട്ടന്റെ മകന്റെ കൂടെ തിരിച്ചു വരാൻ അവസരം ലഭിച്ചു. ധ്യാൻ വളരെ നല്ല വ്യക്തിത്വത്തിനുടമയാണ്. ധ്യാനിനോടൊപ്പം അഭിനയിക്കുന്നതിൽ സന്തോഷമുണ്ട്.”;-രാഹുൽ ലക്ഷ്മൺ പറഞ്ഞു.
Comments