ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരുമായി ഒത്തുകളിച്ച് അജ്ഞാതൻ പണമടയ്‌ക്കാതെ കഴിഞ്ഞത് രണ്ട് വർഷക്കാലം. 58 ലക്ഷം രൂപയുടെ കുടിശ്ശികയാണ് ഇയാളുടെ പേരിലുള്ളതെന്നും അതൊന്നും അടയ്‌ക്കാതെയായിരുന്നു ആഡംബരവാസമെന്നുമായിരുന്നു റിപ്പോർട്ട്. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിന് സമീപമുള്ള എയ്‌റോസിറ്റിയിലെ റോസേറ്റ് ഹൗസ് ഹോട്ടലിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ഐജിഐ എയർപോർട്ട് പോലീസ് കേസെടുത്തു.
റോസേറ്റ് നടത്തുന്ന ബോർഡ് എയർപോർട്ട് ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധി വിനോദ് മൽഹോത്ര നൽകിയ പരാതി പ്രകാരം അങ്കുഷ് ദത്ത എന്നയാളാണ് 603 ദിവസം ഹോട്ടലിൽ താമസിച്ചത്. ഇയാൾ ഇതിന് ചെലവായ 58 ലക്ഷം രൂപ നൽകാതെ ചെക്ക് ഔട്ട് ചെയ്ത് മുങ്ങുകയായിരുന്നു. റൂം നിരക്ക് തീരുമാനിക്കാൻ അധികാരമുള്ള ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രേം പ്രകാശിന് ഹോട്ടലിൽ കമ്പ്യൂട്ടർ സംവിധാനം ഉപയോഗിക്കാൻ കഴിയുമായിരുന്നു. ഇതിൽ എല്ലാ താമസക്കാരുടെയും കുടിശ്ശിക കണ്ടെത്താൻ സാധിക്കും. എന്നാൽ ഹോട്ടൽ മാനദണ്ഡങ്ങൾ ലംഘിച്ച് അങ്കുഷിന്റെ താമസം അനുവദിച്ചെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതിഥികളുടെയോ അല്ലെങ്കിൽ താമസമോ സന്ദർശനമോ രേഖപ്പെടുത്തുന്ന ഇൻ ഹൗസ് സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമം കാണിക്കാൻ അങ്കുഷ് ഇയാൾക്ക് പണം നൽകിയിട്ടുണ്ടാകും എന്നാണ് പോലീസ് നിഗമനം. പ്രതിയും ഹോട്ടൽ ജീവനക്കാരനും ചേർന്ന് ഒരു ക്രിമിനൽ ഗൂഢാലോചന നടത്തി ഹോട്ടലിൽ താമസിയ്‌ക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് എഫ്‌ഐആറിൽ സൂചിപ്പിച്ചിരിക്കുന്നത്. ഹോട്ടലിലെ സോഫ്റ്റ് വെയർ സിസ്റ്റത്തിൽ അങ്കുഷ് ദത്തയുടെ അക്കൗണ്ടിലെ എൻട്രികളിൽ വ്യാജ രേഖകൾ ഉൾപ്പെടുത്തുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.
2019 മെയ് 30-ന് ഒരു ദിവസത്തേക്കെന്ന് പറഞ്ഞാണ് അങ്കുഷ് ദത്ത ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. തൊട്ടടുത്ത ദിവസം താമസം ചെക്ക്ഔട്ട് ചെയ്യേണ്ടിയിരുന്നെങ്കിലും 2021 ജനുവരി 22 വരെ നീണ്ടു. ഒരു ഗസ്റ്റിന്റെ കുടിശ്ശിക 72 മണിക്കൂറിൽ അടയ്‌ക്കാതിരിക്കുകയാണെങ്കിൽ അവരുടെ കൂടുതൽ വിവരങ്ങൾക്കായി സിഇഒയുടെയും ഫിനാൻഷ്യൽ കൺട്രോളറുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ഹോട്ടൽ മാനദണ്ഡം. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു രേഖകളും അധികൃതർക്ക് ലഭിച്ചിട്ടില്ല. ക്രിമിനൽ കുറ്റകൃത്യങ്ങൾ, വിശ്വാസലംഘനം, വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, അക്കൗണ്ടുകളിൽ കൃത്രിമം കാണിയ്‌ക്കൽ എന്നിവ അനുസരിച്ചാണ് നിയമ നടപടി സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.
















Comments