വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തെ അഭിമാനപൂർവ്വം ഉയർത്തിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. വരും നാളുകളിൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു. വലിയ കരഘോഷത്തോടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകളെ സദസ്സ് സ്വീകരിച്ചത്.
‘പ്രധാനമന്ത്രിയായിരിക്കെ ഞാൻ ആദ്യമായി യുഎസ് സന്ദർശിക്കുമ്പോൾ ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി. ഇന്ത്യ ഉടൻ തന്നെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ഇന്ത്യ വളരുമ്പോൾ ലോകം മുഴുവൻ വളരും’ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തികമായ മുന്നേറ്റം രാജ്യത്തെ പൗരന്മാരിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ വലിയ അലയൊലികൾ ഉണ്ടാക്കുമെന്ന വികാരമാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രതിധ്വനിച്ചത്.
‘ഇന്ത്യ വളരുന്നു എന്നല്ല, അതിവേഗം വളരുന്നു എന്ന് പറയണം. ലോകം ഇന്ന് ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. ഇന്ത്യ ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും ഭവനമാണ്. ഞങ്ങൾ അവയെയെല്ലാം ആഘോഷിക്കുന്നു. ഇന്ത്യയിൽ, വൈവിധ്യം ഒരു സ്വാഭാവിക ജീവിതരീതിയാണ്. ഇന്ത്യയിൽ 2,500-ലധികം രാഷ്‌ട്രീയ പാർട്ടികളുണ്ട്, 20-ഓളം വ്യത്യസ്ത പാർട്ടികൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്നു, 22 ഔദ്യോഗിക ഭാഷകളും ആയിരക്കണക്കിന് പ്രാദേശിക ഭാഷകളും ഇന്ത്യയിലുണ്ട്. എന്നിട്ടും ഒരു ശബ്ദത്തിൽ തന്നെയാണ് ഇന്ത്യ സംസാരിക്കുന്നത്’ എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
















Comments