തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം ഗഗൻയാനിന്റെ സുരക്ഷാ പരീക്ഷണം ആഗസ്റ്റിൽ നടത്തും. സുരക്ഷാ പരീക്ഷണമായ ക്രൂ അബോർട്ട് മിഷനാണ് ആഗസ്റ്റിൽ നടത്തുക. മനുഷ്യ പേടകത്തിന് തകരാർ സംഭവിക്കുകയാണെങ്കിൽ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്.
അബോർട്ട് മിഷന് വേണ്ടി ടെസ്റ്റ് റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ സജ്ജമാക്കി കഴിഞ്ഞു. ഇനി ഇതിൽ ക്രൂ മൊഡ്യൂളും ക്രൂ എസ്‌കേപ്പ് സിസ്റ്റവും ഘടിപ്പിക്കും. ഇതിന് ശേഷം ബഹിരാകാശത്തേക്ക് അയച്ച് സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കും. നാല് അബോർട്ട് പരീക്ഷണങ്ങൾക്ക് ശേഷമായിരിക്കും അടുത്ത ജനുവരിയോടുകൂടി ആളില്ലാതെ ബഹിരാകാശ പേടകം വിക്ഷേപിക്കുക. ഇത് സുരക്ഷിതമായി തിരിച്ചെത്തുകയാണെങ്കിൽ 2024-ന്റെ അവസാനമോ 2025-ന്റെ ആദ്യമമോ ഗഗൻയാൻ വിക്ഷേപണം നടത്തും.
ഭൂമിയുടെ 300-400 കിലോമീറ്റർ ഭൂപരിധിയിലുള്ള ഭ്രമണ പഥത്തിലാണ് ഗഗൻയാൻ വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിന് ശേഷം നാല് ദിവസം കഴിഞ്ഞ് തിരികെയെത്തും. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് പേർ റഷ്യയിൽ പ്രാഥമിക പരിശീലനം പൂർത്തിയാക്കി. 1,000 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. ഗഗൻയാൻ ദൗത്യം വിജയിക്കുകയാണെങ്കിൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം പിടിക്കും.
















Comments