തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലേയ്‌ക്കുള്ള വനിതാ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് ആൾട്ടോ കാറിൽ. തിരുവനന്തപുരത്തെ പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസൻസുള്ള വനിതാ ഡ്രൈവർമാരെ കൊണ്ട് കാറിൽ ‘എച്ച്’ എടുപ്പിച്ചത്. അടുത്ത മാസം മുതൽ തലസ്ഥാനത്ത് ഓടേണ്ട ഇലക്ട്രിക് ബസുകളിലെ ഡ്രൈവർമാർക്കാണ് കെഎസ്ആർടിസി വിചിത്ര പരീക്ഷ ഒരുക്കിയിരിക്കുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ വിശദീകരണവുമായി കെഎസ്ആർടിസി അധികൃതർ രംഗത്തെത്തി. വനിതകൾക്ക് വിദഗ്ധ പരിശീലനം നൽകിയ ശേഷം മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കുകയുള്ളു എന്നാണ് അധികൃതർ പറയുന്നത്. എല്ലാവർക്കും കാർ ടെസ്റ്റ് കഴിഞ്ഞ ശേഷമായിരിക്കും പരിശീലനം നൽകുക. ഇക്കാര്യം ഉദ്യോഗാർത്ഥികളെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
തസ്തികയിലേയ്‌ക്ക് ആകെ 27 വനിതകളാണ് അപേക്ഷിച്ചത്. ഇതിൽ പത്തു പേർക്ക് ഹെവി ലൈസൻസ് ഉണ്ട്. ഹെവി ലൈസൻസ് ഉള്ളവർക്കും ആദ്യം കാറിൽ തന്നെയാണ് ടെസ്റ്റ് നടത്തിയത്. പരീക്ഷ നിയന്ത്രിക്കാൻ എത്തിയത് സ്വിഫ്റ്റിലെ ഉദ്യോഗസ്ഥരായിരുന്നു. സ്വിഫ്റ്റിലെ നിയമനങ്ങളിലെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് ഭരണപക്ഷ യൂണിയനുകൾ തന്നെ രംഗത്തു വന്ന സാഹചര്യത്തിലാണ് കമ്പനിയുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്ന സംഭവം പുറത്ത് വന്നിരിക്കുന്നത്.
















Comments