ന്യൂഡൽഹി: മൈക്രോൺ ടെക്‌നോളജിയുടെ ഇന്ത്യയിലേക്കുള്ള വരവ് ഇന്ത്യയുടെ ടെക് മേഖലയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. മൈക്രോൺ ടെക്നോളജി രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സാങ്കേതിക വിദ്യ മേഖലയ്‌ക്ക് പുത്തൻ ഉത്തേജനം നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞ 18 മാസത്തിനുള്ളിൽ ഇന്ത്യ സെമികണ്ടക്ടർ വ്യവസായത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. അമേരിക്കൻ കമ്പനികളുടെ പ്രഖ്യാപനങ്ങൾ ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുപാട് സഹായിക്കും. മൈക്രോൺ ടെക്നോളജിയുടെ നിക്ഷേപം 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇന്ത്യയിലെ യുവാക്കൾക്ക് വരും കാലങ്ങളിൽ അമേരിക്കൻ സ്റ്റാർട്ടപ്പുകളുമായി പ്രവർത്തിക്കാനുള്ള നിരവധി അവസരങ്ങളുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മൈക്രോൺ സിഇഒ സഞ്ജയ് മെഹ്റോത്രയെ കാണുകയും ഇന്ത്യയിൽ നിക്ഷേപം നടത്താൻ ക്ഷണിക്കുകയും ചെയ്തു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആഗോള സെമികണ്ടക്ടർ കമ്പനിയായ മൈക്രോൺ ഗുജറാത്തിൽ 825 ഡോളർ മുതൽ മുടക്കിൽ പുതിയ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യം, ബിസിനസ് മേഖല എന്നിവയുടെ അടിസ്ഥാനത്തിലാണ് നിക്ഷേപത്തിനായി ഗുജറാത്തിനെ തിരഞ്ഞെടുത്തതെന്ന് മൈക്രോൺ കമ്പനി വ്യക്തമാക്കി. 500,000 ചതുരശ്ര അടിയുള്ള് നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം 2024 അവസാനത്തോടെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
Comments