എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകൾ ഓഗസ്റ്റ് മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. മോദി സർക്കാരിന്റെ 9 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി മുംബൈയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്.
എഥനോളിൽ ഓടുന്ന കാറുകൾ മാത്രമല്ല, എത്തനോൾ ഉപയോഗിക്കുന്ന ബൈക്കുകളും ഓഗസ്റ്റ് മുതൽ വിപണിയിലെത്തുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഈ വാഹനങ്ങൾ 100 ശതമാനം ബയോ എഥനോൾ ഉപയോഗിച്ചാകും പ്രവർത്തിക്കുക . എഥനോൾ ഇന്ധനത്തിന് പെട്രോളിനേക്കാൾ വില കുറവാണ്. ഇതുമൂലം മലിനീകരണവും ഉണ്ടാകില്ല. ടൊയോട്ട കമ്പനിയാണ് ഈ വാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന.
2022 ഒക്ടോബറിൽ തന്നെ 100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ് ഇന്ധന കാർ ടൊയോട്ട പുറത്തിറക്കിയിരുന്നു . BS-VI അടിസ്ഥാനമാക്കിയുള്ള ഫ്ലെക്സ്-ഫ്യുവൽ സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് കാർ സാങ്കേതികവിദ്യ ഇന്ത്യയിൽ പരീക്ഷിക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത കാർ അവതരിപ്പിച്ചത്.
ഈ സാങ്കേതികവിദ്യ എത്രത്തോളം ഫലപ്രദമാണെന്നും കാർബൺ ബഹിർഗമനം എത്രത്തോളം കുറയ്‌ക്കാൻ കഴിയുമെന്നും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ എഥനോൾ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ബ്രസീൽ. ഇവിടെയുള്ള 80 ശതമാനം കാറുകളും ഫ്ലെക്സ് ഇന്ധനത്തിലാണ് ഓടുന്നത്. ഇന്ത്യൻ സർക്കാരും ഫ്ലെക്സ് ഇന്ധന വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ട് .
















Comments