ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ. മാരാരിക്കുളം സ്വദേശിയുടെ പരാതിയിൽ കെജെ ഹാരിസാണ് വിജിലൻസ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
പരാതിക്കാരന്റെ വീടിനോട് ചേർന്നുള്ള ഹോംസ്റ്റേയുടെ അനുമതിക്കായി ജനുവരിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതുവരെ അപേക്ഷയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു എന്നറിഞ്ഞു. ആലപ്പുഴ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസിൽ ചെന്ന് കണ്ട് വിവരം അന്വേഷിച്ചപ്പോൾ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെങ്കിൽ 5,000 രൂപ കൈക്കൂലി വേണമെന്ന് ഹാരിസ് അറിയിച്ചു. എന്നാൽ കൈവശം മുന്നൂറ് രൂപ മാത്രമാണുള്ളതെന്ന് പരാതിക്കാരൻ അറിയിച്ചപ്പോൾ 5,000 രൂപയുമായി വരാൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിക്കുകയായിരുന്നു.
തുടർന്ന് പരാതിക്കാരൻ ആലപ്പുഴ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നേതൃത്വത്തിൽ പരാതിക്കാരനിൽ നിന്ന് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയിലാണ് ഇയാള് പിടിയിലായത്.
Comments