തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ ഒളിവുകാലത്തെ യാത്രകൾ കണ്ടെത്തി പോലീസ്. ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദമായതിന് പിന്നാലെ ഉച്ചയോടെ നിഖിൽ കായംകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് യാത്രയായി. തിരുവനന്തപുരത്തേക്ക് വന്ന നിഖിൽ അന്ന് രാത്രി വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തങ്ങുകയായിരുന്നു. ഒപ്പം കായംകുളം സിപിഎം ഏരിയാ കമ്മിറ്റിയംഗം എം നസീർ, ഡിവൈഎഫ്ഐ തഴവ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബികെ നിയാസ് എന്നിവരു ഉണ്ടായിരുന്നു.
ഞായറാഴ്ച വൈകിട്ടോടെ നിയാസും നസീറും നിഖിലിനെ കായംകുളത്തെ വീട്ടിൽ എത്തിച്ചു. ജൂൺ 19 തിങ്കളാഴ്ച രാവിലെ മൂവരും ചേർന്ന് വീഗാലാന്റിലേക്ക് യാത്ര പോയി. അന്ന് രാത്രി എട്ട് മണിയോടെ കായംകുളത്ത് തന്നെ തിരിച്ചെത്തി. എന്നാൽ , പിടികൂടാൻ സാദ്ധ്യത ഉള്ളതിനാൽ രാത്രി തന്നെ വീട്ടിൽ നിന്നും ഇറങ്ങി. ചൊവ്വാഴ്ച മുതൽ വിവിധ സ്ഥലങ്ങളിൽ മാറി നിന്നിരുന്നു. ഇന്നലെ വൈകിട്ടോടെ കോഴിക്കോട് നിന്ന് സൂപ്പർഫാസ്റ്റിൽ കയറിയ നിഖിൽ കോട്ടയത്ത് വെച്ചായിരുന്നു പോലീസ് പിടിയിലായത്.
കോഴിക്കോട് നിന്ന് കൊട്ടാരക്കരയ്‌ക്ക് ടിക്കറ്റ് എടുത്തായിരുന്നു നിഖിൽ തോമസിന്റെ യാത്ര. നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്ഐ നേതാവിനെ വർക്കലയിൽ നിന്നും ഇന്നലെ പകൽ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് നിഖിൽ പിടിയിലായത്. ഇന്നലെ വൈകിട്ട് മുതൽ നിഖിൽ കീഴടങ്ങുമെന്ന സൂചനയുണ്ടായിരുന്നു.
കായംകുളം എംഎസ്എം കോളജിൽ ബികോം വിദ്യാർഥിയായിരുന്നു നിഖിൽ. പരീക്ഷ ജയിക്കാതെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി ഇതേ കോളജിൽ നിഖിൽ എംകോമിന് ചേർന്നതോടെയാണ് സംഭവം പുറത്താവുന്നത്. നിഖിലിന്റെ തട്ടിപ്പിനെ ന്യായീകരിച്ചു കൊണ്ട് എസ്എഫ്ഐയും രംഗത്തു വന്നിരുന്നു.
















Comments