ന്യൂഡൽഹി: അരിക്കൊമ്പനെ ഇനി മയക്കുവെടി വെക്കരുതെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് വാക്കിങ് ഐ ഫൗണ്ടേഷൻ. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അരിക്കൊമ്പന് ചികിത്സ നൽകണം എന്നും ആവശ്യപ്പെടുന്നു. സംഘടനയ്‌ക്ക് വേണ്ടി അഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജി ഫയൽ ചെയ്തത്. മുൻപും അരിക്കൊമ്പന്റെ സംരക്ഷണം ആവശ്യപ്പെട്ട് മറ്റു സംഘടനകൾ ഹർജി സമർപ്പിച്ചിരുന്നു.
കമ്പം ജനവാസ മേഖലയിൽ നിന്ന് പിടികൂടിയ അരിക്കൊമ്പൻ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലാണ് ഇപ്പോൾ ഉള്ളത്. വനത്തിനുള്ളിലെ അരിക്കൊമ്പന്റെ ദൃശ്യങ്ങൾ ഇടക്കിടെ തമിഴ്‌നാട് വനം വകുപ്പ് പുറത്തു വിടാറുണ്ട്. തമിഴ്‌നാട് വനം വകുപ്പ് സെക്രട്ടറി സുപ്രിയ സാഹുവാണ് അരിക്കൊമ്പന്റെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിൽ പങ്കുവെക്കുന്നത്. അരിക്കൊമ്പന്റെ അവസാന ചിത്രം പങ്കുവെച്ച സുപ്രിയ സാഹു അവകാശപ്പെടുന്നത് ആന ആരോഗ്യവാനാണെന്നാണ്. എന്നാൽ ചിത്രം പ്രചരിച്ചതിന് പിന്നാലെ നിരവധി പരാമർശങ്ങളാണ് ഉയരുന്നത്. വനം വകുപ്പ് പറയുന്നത് അടിസ്ഥാന രഹിത മാണെന്നും ആന അവശനാണെന്നും വാദം ഉയരുന്നുണ്ട്.
മൂന്ന് തവണയാണ് തമിഴ്‌നാട് വനംവകുപ്പ് ആനയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇതിൽ കൊമ്പൻ തീറ്റതിന്നുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ വനമേഖലയുമായി അരിക്കൊമ്പൻ ഇണങ്ങിക്കഴിഞ്ഞുവെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അവകാശപ്പെടുന്നത്. ആന ക്ഷീണിതനാണെന്ന് വ്യക്തമാണെന്നാണ് മൃഗസ്‌നേഹികളും ആനപ്രേമികളുടെ സംഘടനയും വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേതങ്ങളാണ് ഉയരുന്നത്. അരിക്കൊമ്പന്റെ നിലവിലെ ആരോഗ്യസ്ഥി എന്താണെന്ന് പറയണമെന്നും ആവശ്യമുയരുന്നുണ്ട്.
Comments