വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഒപ്പമുള്ള തന്റെ അനുഭവത്തെ കുറിച്ച് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പ്രസിദ്ധ ഗായിക മേരി മിൽബെൻ. പ്രധാനമന്ത്രിയോട് ഒപ്പമുള്ള നിമിഷങ്ങൾ നിധി പോലെ കാത്തുസുക്ഷിക്കുമെന്നാണ് മിൽബെൻ കുറിച്ചത്. അമേരിക്കൻ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സ്റ്റേജിൽ നിന്ന് പാടാൻ സാധിച്ചു എന്നും മിൽബെൻ കൂട്ടിച്ചേർത്തു. ഇന്നലത്തെ ദിവസം ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് സദസ്സിന്റെ പാട്ട് കേൾക്കാനായിരുന്നു. അവരുടെ ഹൃദയത്തിന്റെ ആവേശം നിങ്ങൾക്ക് അവിടെ കേൾക്കാമായിരുന്നു എന്നും. അവരുടെ തങ്ങളുടെ മാതൃരാജ്യത്തിനും പ്രത്യേകിച്ച് പ്രധാനമന്ത്രിക്കും വേണ്ടി അഭിമാനത്തോടെയും ദേശസ്‌നേഹത്തോടെയും പാടിയെന്നും മിൽബെൻ പറഞ്ഞു.
പരിപാടിയെ തുടർന്ന് നരേന്ദ്രമോദിയുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തെ ആദരിക്കാനും എനിക്ക് അവസരം ലഭിച്ചു. മുതിർന്നവരുടെ പാദങ്ങളിൽ തൊടുന്നത് ഇന്ത്യൻ സംസ്‌കാരത്തിലെ ബഹുമാനത്തിന്റെ അടയാളമാണ്. മുതിർന്നവരുടെ പാദങ്ങൾ സ്പർശിക്കുക വഴി അവരുടെ ഹൃദയത്തിൽ തൊടുകയാണ് എന്നും മിൽബെൻ പറഞ്ഞു. ഒരു ആഗോള പൗരനെന്ന നിലയിൽ, അത്തരമൊരു മഹാനായ നേതാവിനെ ആദരിക്കേണ്ടത് എന്റെ കടമയാണെന്നും മിൽബെൻ കൂട്ടിച്ചേർത്തു.
4 ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇജിപ്തിലെത്തി. വൻ വരവേൽപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യന വംശജരെയും ഇജിപ്ത്യൻ ജനതയെയും കാണുകയും അവരോട് സംസാരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു.
Comments