1975 ജൂൺ 25 അർദ്ധരാത്രിയിലാണ് ഇന്ത്യയുടെ ജനാധിപത്യത്തെ ഇന്ദിരാഗാന്ധി എന്ന ഏകാധിപതിയായ പ്രധാനമന്ത്രി കശാപ്പ് ചെയ്തത്. ആൾ ഇന്ത്യ റേഡിയോയ്‌ക്ക് മുന്നിൽ ചെവികോർത്തിരുന്ന ഇന്ത്യൻ ജനതയ്‌ക്ക് വലിയ ഒരു നടുക്കമാണ് ഇന്ദിരാഗാന്ധി സമ്മാനിച്ചത്. ഇന്ദിരയുടെ ശബ്ദത്തിൽ ഫാസിസത്തിന്റെ അലയൊലികൾ മുഴങ്ങിയ ദിവസം. ജൂൺ 26-ന് രാവിലെ ഉറക്കമെണീറ്റ ഒരു ജനതയ്‌ക്ക് മേൽ ഏകാധിപത്യത്തിന്റെ കൂടം വെച്ച് അടിക്കുകയായിരുന്നു ഇന്ദിര. ഒരു അർദ്ധരാത്രിയിൽ പൊടുന്നനെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ 48-ാം വാർഷികത്തിലാണ് രാജ്യം. ഇന്ത്യ കണ്ട ഇരുണ്ട നാളുകളുടെ ഓർമ്മപ്പെടുത്തൽ.
1975 ജൂൺ 25-ന് അർദ്ധരാത്രി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 1977 മാർച്ച് 21 വരെ നീണ്ടു നിന്നു. അതായത് 21 മാസം നീണ്ട ചങ്ങലയ്‌ക്കിടൽ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തെ ഇരുളറയിൽ കൊണ്ടിട്ട നാളുകൾ. പ്രതിപക്ഷ കക്ഷികളെയും തനിക്ക് നേരെ ഉയരുന്ന സ്വരങ്ങളെയും ഇല്ലായ്മ ചെയ്ത് ഏകാധിപതിയായി വാഴാനുള്ള ഇന്ദിരാഗാന്ധിയുടെ കുബുദ്ധിയായിരുന്നു അടിയന്തരാവസ്ഥ. കിരാത നിയമങ്ങൾക്കെതിരെ തെരുവിലിറങ്ങിയ ആദര്‍ശധീരന്മാർക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു. പാര്‍ലമെന്റ് സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ എത്തിയ അടല്‍ ബിഹാരി വാജ്‌പേയിയേയും എല്‍.കെ അദ്വാനിയേയും ഇന്ദിരയുടെ പോലീസ് അറസ്റ്റ് ചെയ്തു.
അടിയന്തരാവസ്ഥയെ ജനസംഘം പരസ്യമായി എതിർത്തു. ഇതോടെ എല്ലാ നേതാക്കളെയും ഇന്ദിരാഗാന്ധി ജയിലിലടച്ചു. ‘1975 ജൂണ്‍ 26 നമ്മുടെ ധാരണയിലുള്ള ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസാന ദിനമെന്ന് തെളിഞ്ഞേക്കാം. അത് അങ്ങനെയല്ലെന്ന് വരട്ടെയെന്ന് ആശിക്കാനേ നിര്‍വാഹമുള്ളൂ’ എന്നായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ എല്‍.കെ.അദ്വാനി ഡയറിയില്‍ കുറിച്ചത്. ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെയുള്ള ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു അടിയന്തരാവസ്ഥ.
മാദ്ധ്യമങ്ങളെ വേട്ടയാടിയും പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കിയും കേരളത്തിലെ പിണറായി സർക്കാർ ഒരു ഏകാധിപത്യ ഭരണത്തിലേയ്‌ക്ക് പോകുന്ന നാളുകളിലാണ് അടിയന്തരാവസ്ഥയുടെ 48-ാം വാർഷികം ചർച്ച ചെയ്യപ്പെടുന്നത്. കമ്യൂണിസ്റ്റുകാര്‍ എവിടെയൊക്കെ ഭരണത്തില്‍ എത്തിയിട്ടുണ്ടോ അവിടെയെല്ലാം അടിച്ചമര്‍ത്തലുകളും ഉണ്ടായിട്ടുണ്ട്. മറ്റൊരു ഇന്ദിരാ ഭരണം പിണറായിയിലൂടെ ആവർത്തിക്കാതിരിക്കാൻ മാദ്ധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ജനങ്ങളും ശബ്ദമുയർത്തിയേ മതിയാവൂ.
















Comments