കെയ്റോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ഈജിപ്ത് സന്ദർശനത്തെ ‘ഗെയിം ചെയ്ഞ്ചർ’ എന്ന് വിശേഷിപ്പിച്ച് അൽ-ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് വിശലകന വിദഗ്ധർ വിലയിരുത്തുന്നത്. വടക്കൻ ആഫ്രിക്കൻ രാജ്യമായ ഈജിപ്തിലേക്കുള്ള നരേന്ദ്രമോദിയുടെ വരവ് ഇന്ത്യൻ നിക്ഷേപത്തിൽ ഗണ്യമായ വർധനവുണ്ടാക്കുമെന്നും ബ്രിക്‌സിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഈജിപ്തിനെ സഹായിക്കാനുള്ള വഴിയൊരുക്കുമെന്നുമാണ് പ്രതീക്ഷ.
പ്രധാനമന്ത്രിയായതിന് ശേഷം മോദി നടത്തുന്ന ആദ്യ ഈജിപ്ത് സന്ദർശനമാണിത്. 1997ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിലെത്തുന്നതും ആദ്യമായിട്ടാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകളെ പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ മോദിയുടെ ഈജിപ്ത് സന്ദർശനം സഹായിക്കുമെന്നാണ് വിദേശകാര്യ വക്തവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചത്.
ആറ് മാസം മുമ്പായിരുന്നു ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം നടക്കവെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസി മുഖ്യാതിഥിയായി എത്തിയത്. ഇതിനോടകം മൂന്ന് തവണ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു. ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ തിരിച്ചുള്ള സന്ദർശനം. ഉഭയകക്ഷി ചർച്ചകൾക്കും വ്യാപാര കരാറുകൾക്കും പുറമേ ഈജിപ്തിലുള്ള ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതും സന്ദർശനത്തിന്റെ ഭാഗമാണ്. കൂടാതെ രാജ്യത്തെ മുഖ്യനേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
















Comments