ബെംഗളൂരു: താമസസ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ. സംഭവത്തിൽ ഒരാൾ മലയാളിയാണ്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28) ഇടുക്കി സ്വദേശി വിനോദ് കുമാർ (27), തമിഴ്നാട് ധർമപുരി സ്വദേശി പാണ്ടിദൊറൈ (27) വിജയപുര സ്വദേശി അബ്ദുൾ ഖയാം (25) കർണാടക കോട്ടൂർ സ്വദേശി അർപിത (24) എന്നിവരാണ് പിടിയിലായത്. ഇവർ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്തതിനും ഇത് വിൽപ്പന നടത്തിയതിനുമാണ് പിടിയിലായത്.
സംഘത്തിന്റെ താമസസ്ഥലത്തുനിന്ന് 227-ഗ്രാം ഉണങ്ങിയ കഞ്ചാവ്, കൃഷി ചെയ്യുന്നതിന് കരുതിയിരുന്ന കഞ്ചാവ് വിത്ത് എന്നിവയാണ് പിടിച്ചെടുത്തത്. ഇത് കൂടാതെ മൂന്ന് കഞ്ചാവ് ഓയിൽ സിറിഞ്ചുകൾ, കഞ്ചാവ് പൊടി സംസ്‌കരിക്കാനുള്ള ക്യാനുകൾ, ഒരു വെയിംഗ് മെഷീൻ, എക്‌സിറ്റ് ഫാൻ എന്നിവയും പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ മൂന്ന് മാസത്തോളമായി സംഘം കഞ്ചാവ് കച്ചവടം നടത്തി വരികയാണ്. പ്രതികൾക്കെതിരെ ശിവമോഗ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മഹാദേവപുരയിലെ ശിവഗംഗ ലേഔട്ടിലെ വാടകയ്‌ക്ക് താമസിക്കുന്ന സ്ഥലത്ത് ചിലന്തി വളർത്തൽ എന്നറിയപ്പെടുന്ന രീതി ഉപയോഗിച്ച് വിഗിനരാജ് കഞ്ചാവ് കൃഷി ചെയ്തിരുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കോളേജ് വിദ്യാർത്ഥികൾക്കാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്.
















Comments