കാസർകോട്: ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മധൂർ അറന്തോടി സ്വദേശി സന്ദീപാണ് (27) കുത്തേറ്റു മരിച്ചത്. കാസർകോട് ബദിയടുക്കയിലാണ് സംഭവം. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത ബദിയടുക്ക പോലീസ് പ്രതിയായ പവൻരാജിനെ കസ്റ്റഡിയിലെടുത്തു.
സന്ദീപിന്റെ അമ്മയുടെ സഹോദരീ മകളെ പവൻരാജ് ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇതിനെ കുറിച്ച് ചോദിക്കാൻ ഇന്നലെ വൈകിട്ട് സന്ദീപ് പവൻരാജുമായി സംസാരിക്കുകയും തുടർന്ന് ഇരുവരും വാക്ക്തർക്കത്തിലേർപ്പെടുകയും ചെയ്തു. തർക്കത്തിനിടെ പ്രകോപിതനായ പവൻരാജ് സന്ദീപിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. കസ്റ്റഡിയിലുള്ള പവൻരാജിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
Comments