ഡൽഹി: നടൻ സൽമാൻ ഖാനെ ഉറപ്പായും കൊല്ലുമെന്ന് ഗുണ്ടാ നേതാവ് ഗോൾഡി ബ്രാർ. തന്റെ അടുത്ത സുഹൃത്തിന് ലഭിച്ച ഭീഷണി ഇമെയിലുകൾ സംബന്ധിച്ച് സൽമാൻ ഖാൻ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഗുണ്ടാ സംഘത്തിന്റെ വെല്ലുവിളി. സൽമാൻ ഖാനെ മാത്രമല്ല, ലിസ്റ്റിലുള്ള എല്ലാവരെയും വകവരുത്തുമെന്നാണ് ഗോൾഡി ബ്രാറിന്റെ അവകാശവാദം. പഞ്ചാബി ഗായകനും രാഷ്‌ട്രീയ പ്രവർത്തകനുമായ സിദ്ധു മൂസ് വാലയെ എന്തിനാണ് കൊന്നതെന്നും ഇയാൾ വെളിപ്പെടുത്തി. ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗോൾഡി ബ്രാർ വധ ഭീക്ഷണി മുഴക്കിയിരിക്കുന്നത്.
‘ഞങ്ങൾ സൽമാൻ ഖാനെ കൊല്ലും, തീർച്ചയായും അവനെ കൊല്ലും. ഇത് സൽമാൻ ഖാനെക്കുറിച്ച് മാത്രമല്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞങ്ങളുടെ എല്ലാ ശത്രുക്കളെയും ഞങ്ങൾ വകവരുത്തും. സൽമാൻ ഖാനാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യം വിജയിക്കുന്നവരെ ഞങ്ങൾ ശ്രമിക്കും’ എന്നാണ് ഗോൾഡി ബ്രാർ ഭീഷണി മുഴക്കിയത്. ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ വാക്കുകൾ സൂചിപ്പിച്ചു കൊണ്ടായിരുന്നു ഗോൾഡി ബ്രാറിന്റെ ഭീഷണി. സൽമാൻ ഖാനെ വധിക്കുകയാണ് തന്റെ ജീവിത ലക്ഷ്യം എന്നായിരുന്നു ലോറൻസ് ബിഷ്‌ണോയി നേരത്തെ പറഞ്ഞിരുന്നത്.
യുവ അകാലിദൾ നേതാവ് വിക്കി മിദ്ദുഖേരയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയതെന്നും ഗോൾഡി ബ്രാർ പറഞ്ഞു. ‘മൂസ് വാലയെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. സിദ്ദു മൂസ് വാലയ്‌ക്ക് അഹംഭാവമാരുന്നു. അയാൾ തന്റെ രാഷ്‌ട്രീയവും പണവും ശക്തിയും ദുരുപയോഗം ചെയ്തു. അതുകൊണ്ട് അവനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അവൻ ഞങ്ങളെ വ്യക്തിപരമായി ദ്രോഹിച്ചു. പൊറുക്കാനാവാത്ത തെറ്റുകൾ ചെയ്തു, അതിനാൽ ഞങ്ങൾക്ക് അവനെ ശിക്ഷിക്കേണ്ടിവന്നു’ എന്നും ഗോൾഡി ബ്രാർ പറഞ്ഞു.
മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷൂട്ടർമാരും ഗുണ്ടകളും ഇന്ത്യയിൽ പിടിയിലായിരുന്നു. എന്നാൽ ഗോൾഡി ബ്രാർ വിദേശത്ത് ഒളിവിലാണ്. 2017-ൽ സ്റ്റുഡന്റ് വിസയിൽ ഇന്ത്യ വിട്ടയാളാണ് ഇയാൾ. ഗോൾഡി ബ്രാർ കാനഡയിലാണുള്ളത്. ഹരിയാനയുടെയും രാജസ്ഥാന്റെയും അതിർത്തിയോട് ചേർന്നുള്ള പഞ്ചാബിന്റെ തെക്കൻ ബെൽറ്റിലെ മുക്ത്സർ ജില്ല സ്വദേശിയാണ് സത് വിന്ദര്‍ജിത് സിംഗ് എന്ന ഗോൾഡി ബ്രാർ. വിദേശത്ത് ഇരുന്നുകൊണ്ടാണ് ഇയാൾ മൂസ് വാലയുടെ കൊലപാതകം ആസൂത്രണം ചെയ്തത്. 29 വയസ്സുള്ള ഗോള്‍ഡി ബ്രാര്‍ ബി.എ. ബിരുദധാരിയാണ്. കൊലപാതകവും വധശ്രമവും അടക്കം 16-ഓളം കേസുകളാണ് ഇയാള്‍ക്കെതിരേ പഞ്ചാബില്‍ മാത്രമുള്ളത്.
Comments