മുംബൈ: മഹാരാഷ്‌ട്രയിലെ സോളാപൂരിൽ നിന്നുള്ള ക്ഷീരകർഷകനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അദ്ദേഹം സ്വപ്രയത്‌നം കൊണ്ട് ജീവിതത്തിൽ സ്വന്തമാക്കിയ നേട്ടങ്ങൾക്ക് കൈയ്യടിക്കുകയാണ് സോഷ്യൽമീഡിയ. ഒറ്റ പശുവിൽ നിന്ന് ആരംഭിച്ച തന്റെ പാൽ കച്ചവടം ഒടുവിൽ 150 പശുക്കളിൽ വന്നെത്തി നിൽക്കുമ്പോൾ ഒരു കോടി രൂപയുടെ ബംഗ്ലാവാണ് പ്രകാശ് ഇംദേ സ്വന്തമാക്കിയത്. പാൽ വിറ്റു കിട്ടിയ പണം സ്വരൂപിച്ച അദ്ദേഹം തന്റെ സ്വപ്‌നഭവനം സാക്ഷാത്കരിക്കുകയായിരുന്നു.
ബാപ്പു എന്നാണ് പ്രകാശ് ഇംദേയെ ഗ്രാമവാസികൾ വിളിക്കുന്നത്. ലക്ഷ്മിയായിരുന്നു ബാപ്പുവിന്റെ ആദ്യ പശു. ഇന്ന് 150 പശുക്കൾക്ക് ഉടമയായി മാറിയപ്പോഴും തന്റെ ആദ്യ പശുവായിരുന്ന ലക്ഷ്മിയുടെ ചിത്രത്തിന് മുന്നിൽ ദിവസവും പ്രാർത്ഥിച്ചാണ് അദ്ദേഹം തന്റെ ജോലികൾ ആരംഭിക്കാറുള്ളത്. ഒരിക്കലും നടക്കാത്തത് എന്ന് കരുതിയിരുന്ന പലതും അദ്ദേഹം തന്റെ പശുക്കളുടെ പാൽ വിറ്റ് കിട്ടിയ പണം കൊണ്ട് നേടിയെടുത്തു. ഒടുവിൽ ഒരു കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവും പണിതുയർത്തി. ഗോധൻ നിവാസ് എന്നാണ് തന്റെ സ്വപ്‌നഭവനത്തിന് ബാപ്പു പേരിട്ടത്. വീടിന് മുകളിൽ രണ്ട് വലിയ പ്രതിമകളും സ്ഥാപിച്ചു. ഒരു പാൽപാത്രത്തിന്റെയും പശുവിന്റെയും പ്രതിമകളാണ് ബംഗ്ലാവിന് മുകളിലുള്ളത്. ദൂരേ നിന്ന് നോക്കുമ്പോൾ പോലും ഈ രണ്ട് പ്രതിമകൾ കാഴ്ചക്കാർക്ക് വ്യക്തമാകുന്ന വിധത്തിലാണ് നിർമ്മിതി.
1998 മുതലാണ് പശുവിനെ വാങ്ങി അദ്ദേഹം ഉപജീവനം തുടങ്ങിയത്. പശുവിൻ പാലും ചാണകവും അദ്ദേഹം വിൽപ്പന നടത്തി. ആദ്യമാദ്യം പ്രദേശിവാസികൾക്കായിരുന്നു പാൽ വിറ്റിരുന്നത്. പിന്നീട് പശുക്കളുടെ എണ്ണം കൂടിയപ്പോൾ ഡയറി ഫാം തുടങ്ങുകയും ചെയ്തു. പ്രതിദിനം ആയിരം ലിറ്റർ പാലാണ് ഫാമിൽ നിന്ന് അദ്ദേഹത്തിന് ലഭിക്കുക. ബാപ്പുവിന്റെ കുടുംബാംഗങ്ങൾ എല്ലാവരും പശുക്കളെ പരിപാലിക്കാൻ സഹായിച്ചിരുന്നു.
ഇതുവരെ ഒറ്റ പശുവിനെ പോലും അദ്ദേഹം വിറ്റ് കാശാക്കിയിട്ടില്ല. 2006ൽ ആയിരുന്നു ആദ്യ പശുവായ ലക്ഷ്മി വിടവാങ്ങിയത്. പ്രതിദിനം നാലോ അഞ്ചോ ടൺ പച്ച പുല്ല് ഫാമിലുള്ള പശുക്കൾക്ക് ആവശ്യമാണ്. കഴിയുന്നത്ര പുല്ല് ഫാമിൽ തന്നെ വളർത്തുകയും ശേഷിക്കുന്നവ പുറത്തുനിന്ന് വാങ്ങുകയും ചെയ്യുന്നുവെന്ന് ബാപ്പു പറയുന്നു. അദ്ദേഹത്തിന്റെ കാർഷിക വിജയം നേരിട്ട് കണ്ട് പഠിക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികളും സംരംഭകരും എത്താറുണ്ട്.
Comments