ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകാൻ തലസ്ഥാനവും. ഒക്ടോബർ അഞ്ചിന് തുടക്കമാകുന്ന ലോക മാമാങ്കത്തിന്റെ സന്നാഹ മത്സരങ്ങൾക്കാണ് കാര്യവട്ടം ഗ്രീൻഫീൾഡ് സ്റ്റേഡിയം വേദിയാകുന്നത്. തിരുവനന്തപുരം, ഗുവഹാത്തി, ഹൈദ്രാബാദ് എന്നിവിടങ്ങളാണ് സന്നാഹത്തിന് വേദിയാകുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് സന്നാഹ മത്സരങ്ങൾ. ഇന്ത്യയടക്കമുള്ള പ്രമുഖ ടീമുകൾ തലസ്ഥാനത്ത് എത്തിയേക്കുമെന്നാണ് വിവരം.
ഉദ്ഘാടന മത്സവരും ഫൈനലും അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലും സെമി ഫൈനലുകൾ മുംബൈയിലും കൊൽക്കത്തയിലുമാണ് നടക്കുക. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നിലവിലെ റണ്ണറപ്പായ ന്യൂസിലാൻഡിനെ നേരിടും. പൂനൈ ബെംഗളുരു, ലക്‌നൗ, ധർമ്മശാല ചെന്നൈ അടക്കമുള്ള 10 വേദികളിലാണ് ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് അടക്കമുള്ള ഔദ്യോഗിക മത്സരങ്ങൾ നടക്കുക. 46 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 10 ടീമുകളാണ് മത്സരിക്കുക.
ഇന്ത്യയുടെ ആദ്യ മത്സരം ഓസ്‌ട്രേലിയ്‌ക്കെതിരെ ഒക്ടോബർ എട്ടിന് ചെന്നൈയിലാണ്. 11ന് ഡൽഹിയിലെ രണ്ടാമത്സരത്തിൽ അഫ്ഗാനെ നേരിടും. 14ന് അഹമ്മദാബാദിലാണ് വിഖ്യാതമായ ഇന്ത്യാ-പാക് പോരാട്ടം. ക്വാളിഫൈറടക്കം ഇന്ത്യയ്‌ക്ക് 9 മത്സരങ്ങളുണ്ട്. പാകിസ്താൻ,ഇംഗ്ലണ്ട്,ന്യൂസിലാൻഡ്,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ,ഓസ്‌ട്രേലിയ എന്നിവരടക്കമുള്ള ഗ്രൂപ്പിലാണ് ഇന്ത്യയുൾപ്പെടുന്നത്.
Comments