എറണാകുളം: ബുള്ളറ്റ് ഓടിയ്‌ക്കുന്ന 150 വനിതകൾക്ക് തലൈവിയാണ് എളംകുളത്തെ സോണിയ ഗ്രേഷ്യസ്. ബുള്ളറ്റ് ആശാനെന്നാണ് വിളിപ്പേര്. കൂടാതെ ബൈക്ക് ആൻഡ് ബുള്ളറ്റ് ലേഡി റൈഡേഴ്‌സ് എന്ന സംഘടനയും ഇവർക്കുണ്ട്.
പതിനാലാം വയസിൽ സ്‌കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് സോണിയയ്‌ക്ക് ബുള്ളറ്റിനോടുള്ള പ്രണയം. ജുവലറി ഉടമയായ അച്ഛൻ ഗ്രേഷ്യസ് മകളുടെ ആഗ്രഹത്തിനൊപ്പം കൂടുകയായിരുന്നു. പതിനെട്ടാം വയസിൽ ലൈസൻസ് എടുക്കുന്ന വേളയിൽ തന്നെ ബുള്ളറ്റുമായി സോണിയ ഇണങ്ങിക്കഴിഞ്ഞിരുന്നു. 21 വർഷത്തിനിടയിൽ സോണിയ ബുള്ളറ്റുമായി ചുറ്റാത്ത റോഡുകൾ കൊച്ചിയിൽ ഉണ്ടാകില്ല.
മറ്റ് യുവതികൾ ബുള്ളറ്റിൽ സഞ്ചരിക്കുന്നത് കാണുന്നതും സോണിയയ്‌ക്ക് ഏറെ പ്രിയമുള്ളൊരു കാര്യമാണ്. ഇങ്ങനെയാണ് ബുള്ളറ്റ് റൈഡേഴ്‌സിനായി ഒരു കൂട്ടായ്മ രൂപീകരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ആശയം പങ്കുവെച്ചതോടെ മിക്ക ജില്ലകളിൽ നിന്നും ആളെത്തി. 2018-ൽ നിലവിൽ വന്ന സംഘടനയിൽ 54 വയസുള്ള ദേവിക മുതൽ 20 വയസുള്ള ഡയാന വരെയുണ്ട്. അക്കൗണ്ടന്മാർ, ഡോക്ടർമാർ, സോഫ്റ്റ്‌വെയർ എൻജീനിയർ, അദ്ധ്യാപകർ എന്നിങ്ങനെ പല മേഖലകളിൽ നിന്നെത്തിയവർ ചാർത്തിക്കൊടുത്ത പേരാണ് ബുള്ളറ്റ് ആശാൻ. സോണിയ ബുള്ളറ്റ് ഓടിയ്‌ക്കാൻ പഠിപ്പിച്ചവരാണ് ഇതിൽ ഏറെയും.
ക്ലബ് അംഗങ്ങൾ ഇപ്പോൾ പതിവായി യാത്ര പോകാറുണ്ട്. ഇടുക്കി പാൽക്കുളമേട്ടിലേക്ക് പോയതാണ് ഇതിൽ മറക്കാനാകാത്ത യാത്രയെന്ന് ഇവർ പറയുന്നു. ഹിമാലയൻ സ്‌ക്രാം എന്ന ബുള്ളറ്റിൽ മണാലിയും ലഡാക്കും ചുറ്റിയടിച്ച് വരികയാണ് സംഘത്തിന്റെ അടുത്ത ലക്ഷ്യം. കുതിച്ചു പായുന്ന ബുള്ളറ്റ് ഓടിയ്‌ക്കുന്ന അതേ ഹരത്തോടെ ഇഴഞ്ഞു നീങ്ങുന്ന റോഡ് റോളറും സോണിയ ഓടിയ്‌ക്കാറുണ്ട്. സോണിയ കൈവെയ്‌ക്കാത്ത വാഹനങ്ങൾ ചുരുക്കമാണ്. ബൈക്ക്, ബസ്, ലോറി, കണ്ടെയ്‌നർ, ട്രെയിലർ,ട്രാക്ടർ, റോഡ് റോളർ, ഫോർക് ലിഫ്റ്റ്, എസ്‌കവേറ്റർ എന്നിവ ഓടിയ്‌ക്കാൻ സോണിയയ്‌ക്ക് ലൈസൻസുണ്ട്.
















Comments