ബെംഗളൂരു: സാഫ് കപ്പിൽ സെമിയിൽ സ്ഥാനം ഉറപ്പിച്ച ഇന്ത്യയും കുവൈറ്റും ഇന്ന് നേർക്കുനേർ. ഇന്ന് വിജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യനായി ഗ്രൂപ്പ് ഘട്ടം ഫിനിഷ് ചെയ്യും. ആദ്യ രണ്ടു കളിയും ജയിച്ച ഇരുവരും ടൂർണമെന്റിലെ തന്നെ കരുത്തുറ്റ ടീമുകളാണ്. പാകിസ്താനെ മറുപടിയില്ലാത്ത 4 ഗോളിനും നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനും തോൽപ്പിച്ചാണ് കുവൈറ്റിന്റെ വരവ്. ഇന്ത്യയാകട്ടെ നേപ്പാളിനെ രണ്ടു ഗോളിനും പാകിസ്താനെ നാലു ഗോളിനുമാണ് തകർത്തത്. ടൂർണമെൻിൽ ഇതുവരെ ഗോൾ വഴങ്ങിയില്ലെന്ന റെക്കോർഡുമുണ്ട്.
മുൻപ് മൂന്ന് തവണ ഏറ്റമുട്ടിയപ്പോൾ രണ്ടു തവണയും ജയം കുവൈറ്റിനൊപ്പമായിരുന്നു. 2010ൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ 9 ഗോളുകൾക്കായിരുന്നു ടീം ഇന്ത്യയുടെ തോൽവി.വൈകിട്ട് ഏഴരയ്‌ക്ക് ബെംഗളൂരുവിലാണ് മത്സരം. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഉഗ്രൻ ഫോമാണ് ഇന്ത്യയുടെ കരുത്ത്. പാകിസ്താനെതിരായ ഹാട്രിക് ഉൾപ്പെടെ നാല് ഗോളാണ് ഛേത്രി അടിച്ച് കൂട്ടിയത്. ഉദാന്ത സിംഗ്, ചാംഗ്തെ, മുകേഷ് സിംഗ് എന്നിവരും ഫോമിൽ.
സഹൽ അബ്ദുൾ സമദ് ഉൾപ്പെടുന്ന മദ്ധ്യനിര ഒത്തിണക്കത്തോടെ കളിച്ചാൽ കരുത്തരായ കുവൈറ്റിനെയും ഇന്ത്യയ്‌ക്ക് തകർക്കാം. പ്രത്യാക്രമണമാണ് കുവൈറ്റിന്റെ കരുത്ത്. നേർക്കുനേർ പോരാട്ടങ്ങളിൽ ഇന്ത്യക്കെതിരായ ആധിപത്യവും ആത്മവിശ്വാസം കൂട്ടും. ഇന്ന് ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാൽ റാങ്കിംഗിൽ താഴെയുള്ള മാലദ്വീപിനെയും ബംഗ്ലാദേശിനെയോ സെമിൽ എതിരാളികളായി ലഭിക്കും.
















Comments