എറണാകുളം: മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ വ്യാജരേഖ കേസിൽ നീലേശ്വരം പോലീസിന്റെ ഇടപെടൽ നിരവധി സംശയങ്ങൾക്ക് വഴിവെയ്‌ക്കുന്നു. അഗളി പോലീസിന് നൽകിയ മൊഴി നീലേശ്വരത്ത് ആവർത്തിച്ചിട്ടും കൂടുതൽ അന്വേഷണം നടത്താനോ കസ്റ്റഡിയിൽ ആവശ്യപ്പെടാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. കേസിലെ സുപ്രധാന തെളിവായ വ്യാജരേഖ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല എന്നത് പോലീസിന്റെ മെല്ലെപ്പോക്കിന് ഉദാഹരണമാണ്.
കേസിന്റെ പുരോഗതി ഇഴഞ്ഞു നീങ്ങുന്നതാണ് പോലീസ് അന്വേഷണം തൃപ്തികരമല്ല എന്നുള്ള ആരോപണത്തിന് വഴിവെയ്‌ക്കുന്നത്. കരിന്തളം ഗവൺമെൻറ് കോളേജിൽ വ്യാജരേഖ ഉപയോഗിച്ച് വിദ്യ താൽക്കാലിക അദ്ധ്യാപികയായി ഒരു വർഷത്തോളം ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർ നീലേശ്വരം പോലീസിൽ പരാതി നൽകുകയും ചെയ്തു. ഗുരുതരമായ കുറ്റകൃത്യമായതിനാൽ ജാമ്യമില്ല വകുപ്പ് പ്രകാരം വിദ്യയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ ആദ്യഘട്ടത്തിൽ വിദ്യയെ കണ്ടെത്താനോ വീട്ടിൽ പരിശോധന നടത്താനോ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് കോളേജിലും വീട്ടിലുമെത്തി പോലീസ് പരിശോധന നടത്തിയത്.
വ്യാജരേഖ കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ ഇഴച്ചിൽ വിദ്യ നീലേശ്വരം പോലീസിൽ ഹാജരായ ദിവസവും ഉണ്ടായിരുന്നു. വിദ്യ മൊഴി ആവർത്തിച്ചിട്ടും കൂടുതൽ ചോദ്യം ചെയ്യാനോ വ്യാജരേഖ കണ്ടെത്താനോ പോലീസ് ശ്രമിച്ചില്ല. ഇതേ തുടർന്നാണ് വിദ്യയ്‌ക്ക് ജാമ്യം ലഭിച്ചത്.
















Comments