ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെ കായംകുളം സിപിഎമ്മിൽ വീണ്ടും വിമത നീക്കം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാനെതിരെ വിമതർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. നിഖിലിന് ബാബുജാനാണ് സംരക്ഷണം നൽകുന്നതെന്നും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോം പ്രവേശനം ലഭിക്കാൻ സഹായിച്ചത് ബാബുജാനാണെന്നും ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ ആരോപിക്കുന്നു.
നിഖിലിന്റെ ഫോൺ കിട്ടിയാൽ ചിലരുടെ കള്ളത്തരം പുറത്തുവരുമെന്നും സർവ്വ അഴിമതിയുടെയും രേഖകൾ നിഖിലിന്റെ ഫോണിലുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റ് കേസ് വഴിതെറ്റാൻ കാരണം ഉന്നത രാഷ്‌ട്രീയ ബന്ധങ്ങളാണ്. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കായംകുളം പോലീസിനും ഗുരുതര വീഴ്ച സംഭവിച്ചു. ഫോൺ കണ്ടെത്താൻ മൂന്നു ദിവസത്തെ സിസിടിവി പരിശോധന നടത്തിയിട്ടും കിട്ടാത്തത് എന്തുകൊണ്ടാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഫോൺ കിട്ടിയാൽ മറ്റൊരു കേസ് കൂടി തെളിയുമെന്നാണ് ചെമ്പടയുടെ ആരോപണം. കായംകുളത്തെ ഒരു വിഭാഗം സിപിഎം പ്രവർത്തകരുടെ എഫ്ബി പേജ് ആണ് ചെമ്പട കായംകുളം. കഴിഞ്ഞ ദിവസം ചെമ്പട ഉൾപ്പെടെ രണ്ട് ഫേസ്ബുക്ക് പേജുകൾക്കെതിരെ സിപിഎം പോലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം നിഖിൽ തോമസ് സർട്ടിഫിക്കറ്റ് നിർമ്മിച്ചത് എംകോം പ്രവേശനത്തിന് വേണ്ടിയായിരുന്നില്ലെന്ന് വ്യക്തമായി. എസ്എഫ്ഐ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാൻ ആയിരുന്നു സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. വ്യജ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ അബിൻ സി രാജ് ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരം ശാഖയിൽ. കൊറോണ കാലത്തായിരുന്നു അബിൻ തിരുവനന്തപുരത്തെ ശാഖയിൽ എത്തിയത്. എന്നാൽ അതേ സമയം ശാഖ പൂട്ടിയതോടെ കൊച്ചി ശാഖയെ സമീപിക്കുകയായിരുന്നു.
Comments