മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ മോഡലാണ് മഹീന്ദ്ര സ്‌കോർപിയോ. വിൽപന കണക്കുകളിൽ മുൻപന്തിയിൽ തന്നെയാണ് മഹീന്ദ്ര സ്‌കോർപിയോയുടെ സ്ഥാനം. ഇപ്പോഴിതാ പുതിയൊരു നാവികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് മഹീന്ദ്ര സ്‌കോർപിയോ എസ്‌യുവി. ഒൻപത് ലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നേട്ടമാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
മഹീന്ദ്ര സ്‌കോർപിയോ എൻ, സ്‌കോർപിയോ ക്ലാസിക് എന്നിവ രണ്ടും ചേർന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2002-ലാണ് മഹീന്ദ്ര സ്‌കോർപിയോ എസ് യുവി പുറത്തിറക്കിയത്. 21 വർഷങ്ങൾക്കിപ്പുറമാണ് കമ്പനി ഈ മഹത്തായ നേട്ടം കൈവരിച്ചത്.
തുടർന്ന് 2022 ജൂണിലാണ് സ്‌കോർപിയോ എൻ എന്ന മോഡലും അവതരിപ്പിച്ചു. 2023 സാമ്പത്തിക വർഷത്തിൽ രണ്ട് മോഡലുകളും ചേർന്ന് 99 ശതമാനം വാർഷിക വളർച്ച നേടി മൊത്തം 76,935 യൂണിറ്റിലെത്തി.
ഇരു വാഹനങ്ങളുടെയും ബുക്കിംഗ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവ സ്വന്തമാക്കാൻ ബുക്ക് ചെയ്ത് ഏകദേശം 13 മാസത്തോളം കാത്തിരിക്കേണ്ടി വരും. ഇനി 1.17 ലക്ഷം ബുക്കിംഗുകളാണ് ഡെലിവറി ചെയ്യാനുള്ളത്. മഹീന്ദ്ര സ്‌കോർപിയോ എൻ അവതരിപ്പിച്ച് ബുക്കിംഗ് ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ ഒരു ലക്ഷത്തിലധികം ബുക്കിംഗാണ് നേടിയത്. സ്‌കോർപിയോ ക്ലാസിക്കിന്റെ എക്‌സ് ഷോറൂം വില 12.99 ലക്ഷം മുതൽ 16.81 ലക്ഷം രൂപ വരെയാണ്. സ്‌കോർപിയോ എൻ എസ്യുവിയുടെ വില 13.05 ലക്ഷം രൂപ മുതൽ 24.52 ലക്ഷം രൂപ വരെയാണ്.
Comments