തിരുവനന്തപുരം: ‘സർ, മുഝേ ബചാവോ..’ ബചാവോ…സർ… ആദ്യം ഇത് കേട്ടപ്പോൾ പോലീസുകാരൊന്ന് അമ്പരന്നു. എന്താ..സംഭവം..അവർ പരസ്പരം ചോദിച്ചു. നിലവിളിച്ചുകൊണ്ട് തമ്പാനൂർ പോലീസ് സ്‌റ്റേഷനിൽ അതിവേഗം ഓടിക്കയറിയ അന്യസംസ്ഥാനക്കാരനെ കണ്ട പോലീസുകാർ ആദ്യം വിചാരിച്ചത് യുവാവിനെ ആരോ അക്രമിച്ചെന്നാണ്. എന്നാൽ പരവേശമൊന്ന് ആറിതണുത്തപ്പോൾ ആ പശ്ചിമ ബംഗാൾ സ്വദേശി സ്വരം താഴ്‌ത്തി കാര്യം പറഞ്ഞു. സാർ എന്റെ പേര് ബിർഷു.. എനിക്കൊരു ലോട്ടറിയടിച്ചു… സംരക്ഷണം വേണം. ഇത് കേട്ടപ്പോൾ പോലീസുകാർക്ക് അമ്പരപ്പും അത്ഭുതവും.
പിന്നാലെ പോലീസുകാർ ഇയാളിൽ നിന്ന് സാവധാനം വിവരങ്ങൾ ചോദിച്ചറിഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശിയായ കെട്ടിട നിർമാണത്തൊഴിലാളി ബിർഷു റാബ പോക്കറ്റിൽ നിന്ന് ഒരു ടിക്കറ്റെടുത്ത് പോലീസുകാർക്ക് നേരെ നീട്ടി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നറുക്കെടുത്ത ഒരു കോടി രൂപ സമ്മാനമുള്ള ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റായിരുന്നു അത്. വൈകിട്ട് നാലുമണിയോടെയാണ് ഇയാൾ പ്രാണഭയത്താൽ പോലീസ് സ്‌റ്റേഷന്റെ പടികൾ കയറിയത്.
തിങ്കളാഴ്ചയാണ് ബിർഷു തമ്പാനൂരിലെ ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽനിന്നു ടിക്കറ്റെടുത്തത്. ബുധനാഴ്ച വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്. ഒരു കോടി രൂപ സമ്മാനം കിട്ടിയത് പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന് പേടിച്ചാണ് ബിർഷു പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണമെന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം.
തമ്പാനൂർ എസ്.എച്ച്.ഒ. പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കുംവരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്തടിച്ച് കളയരുതെന്ന ഉപദേശവും നൽകി. ബിർഷുവിന്റെ അഭ്യർത്ഥനയനുസരിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സുരക്ഷയൊരുക്കിയിരിക്കുകയാണ് പോലീസ്. കോവിഡിന് ശേഷം നാലുമാസങ്ങൾക്ക് മുമ്പാണ് ഇയാൾ വീണ്ടും കേരളത്തിലെത്തിയത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഇയാൾ.
Comments