ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിനലോകകപ്പിന് ഇനി അവശേഷിക്കുന്നത് നൂറിൽ താഴെ ദിവസങ്ങൾ. രാജ്യത്തെ ലോകകപ്പ് വേദികളെല്ലാം ക്രിക്കറ്റ് മാമാങ്കത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ്. ഒരുക്കങ്ങൾക്ക് 500 കോടി രൂപയാണ് ബിസിസിഐ അനുവദിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റേഡിയങ്ങൾ മികച്ചതാക്കാൻ 50 കോടി രൂപ ഓരോ സംസ്ഥാനങ്ങളുടെയും ക്രിക്കറ്റ് അസോസിയേഷനുകൾക്ക് കൈമാറും. അഹമ്മദാബാദ്, ചെന്നൈ, മുംബൈ, ധർമ്മശാല, ഡൽഹി, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ലക്നൗ, കൊൽക്കത്ത സ്റ്റേഡിയങ്ങളാണ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത്. ഗുവാഹത്തിയിലും തിരുവനന്തപുരത്തും സന്നാഹ മത്സരങ്ങളും നടക്കും.
ഏകദിനലോകകപ്പിന് മുന്നോടിയായി രാജ്യത്തെ സ്റ്റേഡിയങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പുതിയ ഫ്ലഡ് ലൈറ്റുകളും കോർപ്പറേറ്റ് ബോക്സുകൾ, പുതിയ പിച്ച്, ഡ്രസിങ് റൂമുകൾ, ഔട്ട്ഫീൽഡ്, മേൽക്കൂര, മെച്ചപ്പെട്ട ടോയ്ലെറ്റ് സൗകര്യം എന്നിങ്ങനെ നീളുന്നു ആവശ്യങ്ങളുടെ പട്ടിക.
വ്യത്യസ്തമായ ആവശ്യങ്ങളാണ് ഓരോ ലോകകപ്പ് വേദികൾക്കും. മുംബൈയിലെ വാംങ്കഡെ സ്റ്റേഡിയം നാല് ലീഗ് ഘട്ട മത്സരങ്ങൾക്കും ഒരു സെമി ഫൈനലിനുമാണ് ആതിഥേയത്വം വഹിക്കുന്നത്. ഔട്ട്ഫീൽഡ്, ഫ്ലഡ് ലൈറ്റുകൾ, കോർപ്പറേറ്റ് ബോക്സുകൾ, ടോയ്ലെറ്റുകൾ എന്നിവയാണ് വാംങ്കഡെയിൽ നവീകരിക്കുക.
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ പുതിയ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കും. റെഡ് സോയിൽ പിച്ചുകൾ തയാറാക്കാനുള്ള നടപടികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരം നടക്കുന്ന ലക്നൗവിലെ പിച്ചിനെതിരെ ഐപിഎല്ലിനിടയിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ലക്നൗവിലെ പിച്ചിൽ കാര്യമായ മാറ്റങ്ങൾ വരുത്തും. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളും ടോയ്‌ലെറ്റുകളുമാണ് നവീകരിക്കുന്നത്.
അഞ്ച് മത്സരങ്ങൾ നടക്കുന്ന ധർമ്മശാലയിലെ സ്റ്റേഡിയത്തിന്റെ നവീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടവും ഇതിൽ ഉൾപ്പെടുന്നു. പുതിയ ഡ്രെയിനേജ് സംവിധാനം, മഴവെള്ളം വേഗത്തിൽ നീക്കാൻ കഴിയുന്ന എയർ ഇവാക്വേഷൻ സിസ്റ്റം, തണുത്ത കാലാവസ്ഥയ്‌ക്ക് ഏറ്റവും അനുയോജ്യമെന്ന് പറയപ്പെടുന്ന റൈഗ്രാസ് എന്നിവയാണ് ധർമ്മശാലയിലെ മാറ്റങ്ങൾ. ഇതിനോടകം സ്റ്റേഡിയത്തിന്റെ ഉപരിതലവും പുനർനിർമ്മിച്ചു, വിവിഐപി, ഹോസ്പിറ്റാലിറ്റി ബോക്സുകളും നവീകരിച്ചു. ആരാധകർ ഏറെ കാത്തിരുന്ന ഏകദിനലോകകപ്പിന്റെ ഷെഡ്യൂൾ ജൂൺ 27ന് ഐസിസി പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച പത്ത് വേദികളിൽ ഒമ്പത് വേദികളിലും ഇന്ത്യയുടെ മത്സരങ്ങൾ അരങ്ങേറും.
















Comments