മുംബൈ: പ്രതിപക്ഷ പാർട്ടികളെ എന്തുവില കൊടുത്തും ഒന്നിച്ചുനിർത്തി ബിജെപിക്കെതിരെ പോരാടാനും ഇല്ലാത്ത ഐക്യം സൃഷ്ടിച്ചെടുക്കാനും രാഷ്‌ട്രീയ കുതന്ത്രങ്ങൾ പയറ്റാനുമെല്ലാം കഴിവുറ്റ നേതാവെന്ന നിലയിൽ പ്രതിപക്ഷം നോക്കിക്കാണുന്ന മുതിർന്ന എൻസിപി നേതാവ് ശരദ് പവാറിന് അടുത്ത കാലത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരിക്കുകയാണ് അജിത് പവാറിന്റെ രാഷ്‌ട്രീയ ചുവടുമാറ്റം. സ്വന്തം സഹോദരപുത്രനും എൻസിപിയുടെ ഉന്നത നേതാവുമായ അജിത് പവാർ നാൽപതോളം എംഎൽഎമാരുമായി എൻഡിഎയിലേക്ക് പ്രവേശിച്ച ഈ ദിവസം ശരദ് പവാറിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും പുനർചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് തിരിച്ചടികൾ എൻസിപി നേരിടേണ്ടി വന്നു. മഹാവികാസ് അഘാഡി സർക്കാരിലുണ്ടായ വിള്ളലും തുടർന്നുണ്ടായ രാഷ്‌ട്രീയ മാറ്റവുമായിരുന്നു ഇതിൽ ആദ്യത്തേത്. രണ്ടാമത്തേതാണ് എൻസിപിയുടെ പിളർപ്പും അജിത് പവാറിന്റെ എൻഡിഎ പ്രവേശനവും. മഹാവികാസ് അഘാഡി സർക്കാരിനെ ബിജെപി വേരോടെ പിഴുതെറിഞ്ഞതിന് പിന്നാലെ എൻസിപിയിലുണ്ടായ പിളർപ്പ് ശരദ് പവാറിന് വലിയ ക്ഷീണമുണ്ടാക്കി.
ശിവസേനയിലെ 40 എംഎൽഎമാരുമായി എത്തി എൻഡിഎയ്‌ക്ക് പിന്തുണ നൽകിയ ഏകനാഥ് ഷിൻഡെ പിന്നീട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന കാഴ്ചയും ശിവസനേയുടെ പേരും ചിഹ്നവും സ്വന്തമാക്കിയ സംഭവവും കേവലം ഉദ്ധവ് താക്കറെയ്‌ക്ക് മാത്രമല്ല, പ്രതിപക്ഷത്തിന് മുഴുവൻ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിനെല്ലാം പിറകെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർവ പ്രതിപക്ഷ പാർട്ടികളും ഐക്യത്തോടെ നിലനിൽക്കാൻ ശ്രമം ആരംഭിച്ചതിന് പിന്നാലെയാണ് മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ ചുവടുമാറ്റം.
എൻസിപിയെ അടപടലം പിടിച്ചുകുലുക്കിയ അജിത് പവാർ ഇപ്പോൾ മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രി സ്ഥാനമാണ് അലങ്കരിക്കുന്നത്. അദ്ദേഹത്തോടൊപ്പം പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായ പ്രഫുൽ പട്ടേലുമുണ്ടെന്നത് ശ്രദ്ധേയമാണ്. രണ്ട് ദിവസം മുമ്പായിരുന്നു മഹാരാഷ്‌ട്ര മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന സൂചന ഫഡ്‌നാവിസ് നൽകിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിജെപിയുടെ ദേശീയ നേതാക്കളുമായി ഏകനാഥ് ഷിൻഡെയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേസമയം എൻസിപിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേ കടന്നുവരികയും ചെയ്തു. പ്രതിപക്ഷ നേതാവായി തുടരാൻ ഇനിയും താത്പര്യമില്ലെന്ന നിലപാട് അജിത് പവാർ സ്വീകരിച്ചതും ഇതിനോടൊപ്പമായിരുന്നു. ഒടുവിൽ അജിത് പവാർ എൻഡിഎയിലേക്ക് പ്രവേശിച്ചത് അമ്പരപ്പോടെ നോക്കി നിൽക്കാൻ മാത്രമേ ശരദ് പവാർ പക്ഷത്തിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും കഴിഞ്ഞുള്ളൂ. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരു കുടക്കീഴിൽ എത്തിച്ച് ഐക്യപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ ശരദ് പവാറിന് സ്വന്തം പാർട്ടിയിലെ പിളർപ്പ് തടുക്കാൻ സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം.
ആകെ 50 എംഎൽഎമാരുള്ള എൻസിപിയിൽ നിന്നും 40ഓളം പേരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാറിന്റെ അവകാശ വാദം. വിമത എംഎൽഎമാരെ അയോഗ്യരാക്കുന്ന നടപടികളിലേക്ക് നീങ്ങാൻ ശരദ് പവാർ പക്ഷം ശ്രമം നടത്തിയാൽ യഥാർത്ഥ എൻസിപി തങ്ങളാണെന്ന് തെളിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള നീക്കങ്ങളാകും അജിത് പവാർ നടത്തുക.
Comments