സാഫ് ചാമ്പ്യൻഷിപ്പ് 2023 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ അരങ്ങേറ്റക്കാരായ കുവൈത്തിനെ ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നാളെ രാത്രി 7.30ന് നേരിടും. ഈ വർഷത്തെ ടൂർണമെന്റിൽ ഇരുവരും മുഖാമുഖം വരുന്നത് രണ്ടാം തവണയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. അതേസമയം സുനിൽ ഛേത്രിയും സംഘവും തങ്ങളുടെ കിരീടം നിലനിർത്താനായാണ് നാളെ ഇറങ്ങുന്നത്.
സാഫ് കപ്പിൽ ലെബനനെ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. തുടർച്ചയായ രണ്ട് മത്സരങ്ങളിലാണ് ഇന്ത്യ ലെബനനെ കീഴടക്കുന്നത്. ഇന്റർകോണ്ടിനെന്റൽ കപ്പിൽ 2-0 ത്തിന് ലെബനനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ആദ്യ സെമിയിൽ ബംഗ്ലദേശിനെ 1-0ത്തിന് തോൽപ്പിച്ചാണ് കുവൈറ്റ് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയിൽ അബ്ദുല്ല അൽ ബ്ലൗഷിയാണ് കുവൈത്തിന്റെ വിജയഗോൾ നേടിയത്.
1978ൽ ഏഷ്യൻ ഗെയിംസിൽ കുവൈറ്റ് ഇന്ത്യയെ 6-1 ന് തോൽപിക്കുകയും 2010-ൽ അബുദാബിയിൽ നടന്ന സൗഹൃദ മത്സരത്തിൽ 9-1 ന് ഇന്ത്യ കുവൈറ്റിനോട് കനത്ത തോൽവി ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. 2004-ൽ നടന്ന സൗഹൃദ മത്സരത്തിൽ കുവൈത്ത് സിറ്റിയിൽ 3-2ന് ജയിച്ചതാണ് കുവൈത്തിനെതിരായ ഇന്ത്യൻ ടീമിന്റെ ഏക വിജയം.
കുവൈറ്റ് അവരുടെ ആക്രമണ ശൈലിയും ഫിനിഷിംഗും ഉറച്ച പ്രതിരോധവും കൊണ്ട് ഇന്ത്യൻ ടീമിനെ കീഴടക്കടക്കാനായിരിക്കും അവർ ശ്രമിക്കുക. എങ്കിലും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ വിലകുറച്ച് കാണാനാകില്ല. ചാമ്പ്യൻഷിപ്പ് കിരീടം നിലനിർത്താൻ ഇന്ത്യ അവരുടെ മുൻ തോൽവികൾ പ്രേരണയായി ഉപയോഗിക്കും. ഓഗസ്റ്റിൽ, ഛേത്രിയും സംഘവും തായ്ലൻഡിലേക്ക് പോകും, അവിടെ ആതിഥേയരെ കൂടാതെ ഇറാഖിനും ലെബനനുമെതിരായ കിംഗ്സ് കപ്പിൽ ഇന്ത്യ മത്സരിക്കും. ഒക്ടോബറിൽ മലേഷ്യയിൽ നടക്കുന്ന മെർദേക്ക കപ്പിൽ ഇന്ത്യ പങ്കെടുക്കും, അവിടെ പലസ്തീനും യുഎഇയും മത്സരിക്കും. നിലവിൽ ഇന്ത്യ ഫിഫ റാങ്കിംങിൽ 100 -ാം സ്ഥാനത്തും കുവൈറ്റ് 143 -ാം സ്ഥാനത്തുമാണ്.
















Comments