ന്യൂഡൽഹി: ഇന്ത്യയിൽ ‘ജിയോ ഭാരത് 4G’ അവതരിപ്പിച്ച് റിലയൻസ് ജിയോ. 2-G മുക്ത ഭാരതം എന്ന കമ്പനിയുടെ ലക്ഷ്യം കൈവരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫോൺ ജൂലൈ ഏഴ് മുതൽ വിപണിയിൽ എത്തും. രാജ്യത്തെമ്പാടുമുള്ള റീ-ടെയിൽ ഷോപ്പുകളിൽ ജിയോ ഭാരത് 4G ഫോൺ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
സാധാരണ കീ-പാഡ് ഫോണിന് സമാനമായ രൂപമാണ് ജിയോ ഭാരത് 4ജിയുടേതും. ക്യാമറയും സ്പീക്കറും അടങ്ങിയിട്ടുള്ളതാണ് ഫോൺ. ഇന്ത്യയിലെവിടെ നിന്നും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഫോൺ കോൾ ലഭിക്കുമെന്നതാണ് ജിയോ ഭാരത് 4ജിയുടെ ഏറ്റവും വലിയ സവിശേഷത. ജിയോ-പേ ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താനും ചിത്രങ്ങൾ പകർത്താനുമെല്ലാം സാധിക്കും. ജിയോ-സിനിമ, ജിയോ-സാവൻ, എഫ്.എം റേഡിയോ തുടങ്ങി നിരവധി എന്റർടെയ്ൻമെന്റ് ഓപ്ഷനുകളും ഫോണിലുണ്ട്.
രണ്ട് തരം മോഡലുകളാണ് ജിയോ ഭാരത് 4ജിക്കായി അവതരിപ്പിച്ചിട്ടുള്ളത്. ആദ്യത്തേതിൽ ജിയോ എന്ന ബ്രാൻഡ് നെയിം ഫോണിന്റെ ബാക്ക് കവറിൽ നൽകിയിരിക്കുന്നു. രണ്ടാമത്തേതിൽ കാർബൺ എന്ന ബ്രാൻഡ് നെയിം ആണ് നൽകിയിരിക്കുന്നത്. കാർബൺ എന്ന കമ്പനിയുമായി ചേർന്നാണ് രണ്ടാമത്തെ മോഡൽ അവതരിപ്പിച്ചിരിക്കുന്നത് എന്നുള്ളതിനാലാണ് ഇത്തരത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. നീല, ചുവപ്പ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.
123 രൂപ മുതൽ 1,234രൂപ വരെയുള്ള പ്ലാനുകൾ ജിയോ ഭാരത് 4ജി ഫോണിനായി അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന പ്ലാൻ പ്രകാരം പ്രതിദിനം 0.5 ജിബി ഇന്റർനെറ്റ് ലഭിക്കും. 28 ദിവസമാണ് കാലാവധി. അതേസമയം വാർഷിക പ്ലാൻ ആയ 1,234 തിരഞ്ഞെടുത്താൽ ആകെ 168 ജിബി ഇന്റർനെറ്റ് (പ്രതിദിനം 0.5 ജിബി) ലഭിക്കുന്നതാണ്. ഫോണിന് വില 999 രൂപയാണെന്നാണ് കമ്പനി പറയുന്നത്.
Comments