മുംബൈ: മഹാരാഷ്‌ട്രയിൽ ഏകനാഥ് ഷിൻഡെ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് വ്യക്തമാക്കി ബിജെപി. അഭ്യൂഹങ്ങൾ പരത്താൻ ആരും നിൽക്കേണ്ടതില്ലെന്നും എൻഡിഎ സഖ്യം മഹാരാഷ്‌ട്രയിൽ മുൻപത്തേക്കാൾ ശക്തമാണെന്നും കേന്ദ്രമന്ത്രി നാരായൺ റാണെ പറഞ്ഞു. ഏകനാഥ് ഷിൻഡെയെ മാറ്റാനായാണ് അജിത് പവാറിനെ ബിജെപി, സഖ്യത്തിൽ കൊണ്ടുവന്നതെന്ന ഉദ്ധവ് പക്ഷത്തിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഉദ്ധവ് പക്ഷത്തെ പ്രമുഖനും എംപിയുമായ സഞ്ജയ് റാവത്താണ് ആരോപണവുമായി രംഗത്തുവന്നത്. ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കാനാണ് അജിത് പവാറിനെയും എൻസിപിയിലെ പ്രമുഖരെയും ബിജെപി സഖ്യത്തിലേക്ക് ക്ഷണിച്ചതെന്നായിരുന്നു റാവത്തിന്റെ ആരോപണം. ഇപ്പോൾ സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ വിധി വരുമ്പോൾ ഏകനാഥ് ഉൾപ്പെടെ 16 എംഎൽഎമാർ അയോഗ്യരാക്കപ്പെടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും റാവത്ത് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബിജെപി നേതാവ് നാരായൺ റാണെയുടെ പ്രതികരണം.
വികസനത്തിന്റെ അജണ്ടയാണ് മഹാരാഷ്‌ട്ര സർക്കാർ മുന്നോട്ടുവെയ്‌ക്കുന്നതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പറഞ്ഞു. ആദർശം മുറുകെ പിടിച്ച് നിന്ന തങ്ങൾക്ക് ബിജെപിയാണ് ഏറ്റവും വലിയ പിന്തുണ നൽകിയത്. അവർക്കൊപ്പം ചേർന്ന് ഞങ്ങൾ സർക്കാർ രൂപീകരിച്ചു. ഇപ്പോൾ എൻസിപിയും തങ്ങൾക്ക് പിന്തുണയുമായി എത്തിയിരിക്കുന്നു. എല്ലാവരെയും സംയോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments