മലപ്പുറം: ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ ജീവനുള്ള പുഴുക്കളെ ലഭിച്ചതായി പരാതി. മലപ്പുറം പുത്തനത്താണിയിലെ വൈറ്റ് ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണിയിലെ ചിക്കനിൽ നിന്നായിരുന്നു ജീവനുള്ള പുഴുവിനെ കിട്ടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മന്മനം മേടിപ്പാറ സ്വദേശിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തുടർന്ന് ഇയാൾ പോലീസിലും ഭക്ഷ്യ സുരക്ഷാ വകുപ്പിനും പരാതി നൽകി.
കന്മനം മേടിപ്പാറ സ്വദേശി ഷറഫുദ്ദീനും കുടുംബത്തിനുമാണ് ഭക്ഷണത്തിൽനിന്ന് പുഴുക്കളെ കിട്ടിയത്. ഭക്ഷണം കഴിച്ച മൂന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും ഉണ്ടായതിനെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ചിക്കനിൽ നിന്ന് ജീവനുള്ള പുഴുക്കൾ പുറത്ത് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഫോണിൽ പുഴുക്കളുടെ ദൃശ്യങ്ങൾ പകർത്തുകയും അധികൃതരെ അറിയിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് കൽപ്പകഞ്ചേരി പോലീസ് ഹോട്ടലിൽ എത്തി കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നത്. ചിക്കനിലെ രക്തത്തിലുള്ള പുഴുക്കളാകും പുറത്ത് വന്നത് എന്നായിരുന്നു ഹോട്ടലുടമയുടെ വിശദീകരണം.
















Comments