പി എസ് ജി വിടാനൊരുങ്ങുന്ന ബ്രസീലീയൻ സൂപ്പർ താരം നെയ്മറിനെ ചെൽസിക്കും വേണ്ട. 2025 വരെ ക്ലബ്ബുമായി താരത്തിന് കരാർ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാൻ പി.എസ്.ജി പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയിൽ കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ ക്ലബ്ബിൽ വൻ അഴിച്ചുപണി നടത്താൻ തീരുമാനിച്ച പി.എസ്.ജി നെയ്മറടക്കം പലരെയും പുറത്താക്കാൻ പദ്ധതിയിടുകയായിരുന്നു.
ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ സൈനിങ് നടത്തിയ ചെൽസി തന്നെ നെയ്മറെ വാങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചെൽസിക്ക് നെയ്മറോട് താൽപര്യമില്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്.പരിക്കും ഫോമില്ലായ്മയും കാരണം ചെൽസി ഉടമ ടോഡ് ബോഹോലിക്കും കരാറിനോട് താത്പര്യമില്ല. പുതിയ താരങ്ങൾ ഉൾപ്പെടെയുളളവരെ എത്തിച്ച് ടീമിനെ ഉടച്ചുവാർത്താകും ചെൽസി അടുത്ത സീസണിൽ പന്തുതട്ടാനിറങ്ങുക.
അർജന്റൈൻ പരിശീലകൻ മൗറീസ്യോ പൊച്ചെട്ടീനോയെ നേരത്തെ തന്നെ ടീമിലെത്തിച്ച് ക്ലബ്ബിനെ ഉടച്ചുവാർക്കാനുള്ള ഒരുക്കത്തിലാണ് ചെൽസി. എന്നാൽ വൻതുക മുടക്കി നെയ്മറിനെ പ്രീമിയർ ലീഗിലേക്ക് കൊണ്ടുവരില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 31കാരനായ നെയ്മറിന് തുടർച്ചയായി പരിക്കേൽക്കുന്നതാണ് ചെൽസി മാനേജ്മെന്റിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. പിഎസ്ജിയിൽ 6 സീസണുകളിൽ കളിച്ചിട്ടും നെയ്മറിന് തിളങ്ങാനായില്ല. പകുതിയിലേറെ മത്സരങ്ങളും താരത്തിന് പരിക്ക് കാരണം നഷ്ടമായി.
ട്രാൻസ്ഫർ വിപണിയിലെ നിലവിലെ നീക്കങ്ങൾ ഫിനാൻഷ്യൽ ഫെയർപ്ലേ നിയമലംഘനം ഇല്ലാതെ പൂർത്തിയാക്കാനാണ് ഇപ്പോൾ ചെൽസിയുടെ ശ്രമം. 6254 കോടിയുടെ ബജറ്റാണ് പുതിയ താരങ്ങളെ സ്വന്തമാക്കാൻ ഇത്തവണ ചെൽസി മാനേജ്മെന്റ് പൊച്ചെട്ടീനോയ്‌ക്ക് മുന്നിൽ വയ്‌ക്കുന്നത്.
Comments