പച്ചയായ മനുഷ്യജീവിതം വ്യാകരണാതീതമായ ഭാഷാശൈലിയിൽ കുറിച്ചിട്ട ബേപ്പൂർ സുൽത്താൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 29 വർഷം. മനുഷ്യ മനസ്സിന്റെ പ്രയാണങ്ങളെ നാട്ടിടവഴിയിൽ കണ്ടുമുട്ടിയ സഹജീവിക്കായി ബഷീർ എഴുതിവെച്ചു. കണ്ണീരൊഴുകിയ കടലാസിൽ ചിരിയുടെ പുഷ്പങ്ങൾ വിടർത്തിയ ശ്രേഷ്ഠ രചനകൾ അങ്ങിനെ മലയാളത്തിന്റെതായി.
ജയിലറയിലെ ഏകാന്തതയിൽ പ്രണയ പുഷ്പം വിരിയിച്ച ബഷീർ, അണ്ണാനോടും പൂച്ചയോടും ആ മനുഷ്യൻ കഥ പറഞ്ഞു, കാല്പനികതയുടെ ലോകത്ത് സഞ്ചരിച്ച ബഷീർ എന്ന പച്ച മനുഷ്യൻ കളിക്കൂട്ടുകാരിയുടെ ഓർമ്മ കടലാസിൽ പകർത്തി ബാല്യകാലസഖി എന്ന പേര് നൽകി, രചനയിലെ ആത്മാംശത്തിന്റെ ഈ കയ്യൊപ്പാണ് ബഷീറിനെ വ്യത്യസ്തനാക്കുന്നത്. മതിലുകൾക്കപ്പുറം ശബ്ദം മാത്രം കേട്ട കാണാത്ത പ്രണയിനിക്കായി റോസാപ്പൂ കാത്തു വച്ച നായകൻ, പ്രണയ ഭാവനകളിലെ തിളങ്ങുന്ന രത്നമായി. പാത്തുമ്മയുടെ ആടിലൂടെ ബഷീർ മനുഷ്യ ജന്മങ്ങളോട് കഥകൾ ഏറെ പറഞ്ഞു.
നിലാവെളിച്ചത്തിൽ ചാണകക്കൂനയും ആനയെയും തിരിച്ചറിയാതിരുന്ന രാമൻനായർക്ക് സുൽത്താൻ ഒരു പേരിട്ടു. ആനവാരി രാമൻ നായർ. പൊന്‍കുരിശ് തോമ, മണ്ടന്‍ മുത്തപ്പ, എട്ടുകാലി മമ്മൂഞ്ഞ് എന്നിവർ ബഷീറിന്റെ വിഖ്യാതമായ കഥാപാത്രങ്ങളാണ്. മൂക്കന്റെ മൂക്ക് കാണാൻ ആളുകൾ ഓടിക്കൂടിയത് ഭാവനയിൽ കണ്ട ബഷീർ നടത്തിയ സാമൂഹ്യ വിമർശനം ചെറുതാക്കി കാണാനാവില്ല. ഒഴിഞ്ഞ ചാരുകസേരയുടെ ഓരത്ത് സോജാ രാജകുമാരി ഗ്രാമ ഫോണിലൂടെ സുഗന്ധമായി ഒഴുകുമ്പോൾ, ആ മാങ്കോസ്റ്റിൻ മരവും ബഷീറിനെ കാണുന്നുണ്ടാകും, മരത്തിലെ അണ്ണാനോട് ബഷീറിന്റെ ആത്മാവ് കലഹിക്കുന്നുണ്ടാകാം, അശരീരിയായി കഥയുടെ സുൽത്താന്റെ ശബ്ദം മാനവരാശി ഇന്നും കേൾക്കുന്നുമുണ്ടാകാം, അത്രമാത്രം ജീവിത സ്പർശിയായിരുന്നു ആ പച്ച മനുഷ്യന്റെ ഓരോ സൃഷ്ടിയും.
















Comments