തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നു. ഇടുക്കി ജില്ലയിൽ കല്ലാർകുട്ടി, പാംപ്ല, മൂന്നാർ ഹെഡ് വർക്ക്‌സ് ഡാമുകളും പത്തനംതിട്ടയിൽ മണിയാൾ ഡാമും കണ്ണൂരിൽ പഴശ്ശി ഡാമുമാണ് തുറന്നത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ മറ്റ് ചെറുതും വലുതുമായ ഡാമുകളിലേക്കും നീരൊഴുക്ക് വർദ്ധിച്ചു.
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ചെറുഡാമുകളും നിറഞ്ഞു കവിയുകയാണ്. ഇടുക്കി ജില്ലയിൽ രാവിലെ 7 മണിയോടെ കല്ലാർ കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ 60 സെന്റിമീറ്ററും 30 സെന്റിമീറ്ററും വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. സെക്കന്റിൽ 90 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പാംപ്ല ഡാമിന്റെ രണ്ട് ഷട്ടറുകൾ 75 സെന്റീമീറ്ററും 30 സെന്റീമീറ്ററും വീതമുയർത്തി 105 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
മൂന്നാറിൽ ഹെഡ്‌വർക്ക്‌സ്് ഡാമിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്ററും ഉയർത്തി. ഡാമുകൾ തുറന്ന സാഹചര്യത്തിൽ പെരിയാറിനും മുതിരപ്പുഴയാറിനും ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ തമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി. കനത്ത മഴയെ തുടർന്ന് കണ്ണൂരിൽ പഴശ്ശി ഡാമിന്റെ ഷട്ടർ കഴിഞ്ഞദിവസം 10 സെന്റീമീറ്റർ ഉയർത്തിയിരുന്നു. രാവിലെ എല്ലാ ഷട്ടറുകളും തുറന്ന് ഡാമിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ഡാമുകളിലേക്ക് എല്ലാം നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ നിരീക്ഷണവും ശക്തമാക്കി. 24 മണിക്കൂറിനിടെ ഇടുക്കി ഡാമിൽ രണ്ട് അടി വെള്ളമുയർന്നു. 2310.26 അടിയാണ് ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 116 അടിയിലേക്കുമെത്തി. ഇരു ഡാമുകളിലും കഴിഞ്ഞ വർഷത്തെതിനെ അപേക്ഷിച്ച് ജലനിരപ്പ് കുറവാണ്. ഇതിനാൽ ആശങ്കപ്പെടെണ്ട സാഹചര്യമില്ല. അതേസമയം ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
Comments