പട്‌ന (ബീഹാർ): കാലവർഷം ആരംഭിച്ചു, കഴിഞ്ഞ 24 മണിക്കൂറിനിടെ ബിഹാറിൽ ഇടിമിന്നലിൽ 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. റോഹ്താസ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം, 10 പേർ. കൂടാതെ, ജഹനാബാദ്, ബക്‌സർ, ജമുയി എന്നിവിടങ്ങളിൽ മൂന്ന് പേർ വീതവും ഗയ, ബങ്ക, ഭഗൽപൂർ എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും ഔറംഗബാദ്, കതിഹാർ എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു.മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത.
സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുകയും ചെയ്തു. ഇടിമിന്നൽ മൂലമുണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ തെറ്റാതെ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
കനത്ത മഴയിൽ കൃഷിയിടങ്ങളിൽ ഏർപ്പെടുകയോ മരങ്ങൾ, വൈദ്യുത തൂണുകൾ, മൺ വീടുകൾ എന്നിവയ്‌ക്ക് താഴെ നിൽക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജനങ്ങളോട്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ആവശ്യപ്പെട്ടു.
നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജനാലകളിൽ നിന്ന് അകന്നു നിൽക്കുക, മഴക്കാലത്ത് റഫ്രിജറേറ്റർ, എസി തുടങ്ങിയ ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ തൊടരുത്. കെട്ടിടങ്ങളുടെ മുകളിൽ കയറുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 7 പേർ മരിച്ചിരുന്നു. ഓൾഡ് മാൾഡയിൽ ഒരാൾ മരിച്ചപ്പോൾ കാലിയാചക് മേഖലയിൽ 6 പേർക്ക്ജീവൻ നഷ്ടപ്പെട്ടതായി ജില്ലാ കളക്ടർ നിതിൻ സിംഘാനിയ അറിയിച്ചു. കൂടാതെ, മൊത്തം ഒമ്പത് കന്നുകാലികളും ചത്തു.
കർണാടകയിലെ ദാവൻഗരെയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ജില്ലയിലെ ജഗലുരു താലൂക്കിലെ അനബുരു ഗ്രാമത്തിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.















Comments