ന്യൂഡൽഹി: അരിക്കൊമ്പനെ രണ്ട് വർഷത്തോളം നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചിന്നക്കനാലിനെ ആനത്താരയാക്കണമെന്ന ഹർജിയും പരിഗണിക്കുന്നതിൽ സുപ്രീം കോടതി വിസമ്മതിച്ചു. പക്ഷേ ഹർജിക്കാർക്ക് ഇതേ ആവശ്യം ഉന്നയിച്ച് മറ്റ് ഫോറങ്ങളെ സമീപിക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അരികൊമ്പനും ആയി ബന്ധപ്പെട്ട വിഷയത്തിൽ വിവിധ ഹർജികൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ തങ്ങൾ ഈ ഹർജിയിൽ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അരിക്കൊമ്പൻ തമിഴ്‌നാടിന്റെ വനത്തിലുള്ളതിനാൽ കേരള ഹൈക്കോടതിയ്‌ക്ക് ഇടപെടാൻ കഴിയില്ലെന്ന് ഹർജിയിൽ ഹാജരായ അഭിഭാഷകർ ബെഞ്ചിനെ അറിയിച്ചു.
പൊതുതാത്പര്യ ഹർജികളുമായി കോടതിയിൽ എത്തിയവർക്ക് അരികൊമ്പന്റെ മാറ്റത്തിനെ എതിർക്കുന്നവരുമായി ബന്ധമുണ്ടെന്നും കോടതി വാക്കാൽ ആരാഞ്ഞു. ചിന്നക്കനാലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് വന്യജീവിസങ്കേതമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ മറ്റൊരു ആവശ്യം. ഹർജി ആനത്താര ഹർജികൾക്ക് ഒപ്പം പരിഗണിക്കാൻ മാറ്റണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.
Comments