ജയ്പൂർ: പെട്രോൾ ലിറ്ററിന് 15 രൂപ മാത്രം ഈടാക്കി വിൽക്കുന്നതിന് നൂതന ആശയം പങ്കുവച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെ കർഷകരെ ഊർജ്ജ ദാതാക്കൾ കൂടിയായാണ് കണക്കാക്കുന്നതെന്നും ഗതാഗതമന്ത്രി പ്രതികരിച്ചു. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും എന്ന അനുപാതത്തിൽ ഇന്ധനം വിതരണം ചെയ്യുന്നതിനെക്കുറിച്ചാണ് നിതിൻ ഗഡ്കരി വിശദീകരിച്ചത്.
നമ്മുടെ രാജ്യത്തെ കർഷകർ കേവലം അന്നദാതാക്കൾ മാത്രമല്ല, ഊർജ്ജദാതാക്കൾ കൂടിയാണെന്ന് കേന്ദ്രസർക്കാർ മനസിലാക്കുന്നു. ഇന്ന് എഥനോൾ ഉപയോഗിച്ച് നിരത്തിലോടുന്ന വാഹനങ്ങളിലെല്ലാം നമ്മുടെ കർഷകർ ഉത്പാദിപ്പിച്ച എഥനോളാണ് ഉള്ളത്. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഇടകലർത്തിയാൽ പെട്രോൾ ലിറ്ററിന് 15 രൂപാ എന്ന നിരക്കിൽ നൽകാനാകും. അതിന്റെ ഗുണം തീർച്ചയായും ജനങ്ങൾക്ക് കിട്ടുമെന്നും ഗഡ്കരി പറഞ്ഞു.
ഇത്തരത്തിൽ തയ്യാറാക്കുന്ന ഇന്ധനം മലിനീകരണം ഒഴിവാക്കാനും ഇറക്കുമതി കുറയ്‌ക്കാനും സഹായിക്കുമെന്ന് മാത്രമല്ല, ഇറക്കുമതിക്കായി ചിലവഴിക്കുന്ന ഏകദേശം 16 ലക്ഷം കോടി രൂപ കർഷകരുടെ വീടുകളിലേക്ക് നേരെ എത്തുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു. പ്രതാപ്ഗഡിലെത്തിയ കേന്ദ്രമന്ത്രി 5,600 കോടി രൂപ വരുന്ന പത്തിലധികം ദേശീയപാത പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചാണ് മടങ്ങിയത്.
















Comments