ജനപ്രിയ മൈക്രോ ബ്ലോഗിംഗ് ആപ്ലിക്കേഷനുകളിലൊന്നാണ് ട്വിറ്റർ. ചെറിയ കുറിപ്പുകൾ പങ്കുവയ്‌ക്കാനും സർക്കാരിന്റെ ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും അറിയിക്കാനുമെല്ലാം ഉപയോഗിക്കുന്ന പ്ലാറ്റ് ഫോം കൂടിയാണിത്. നിലവിൽ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് പകരക്കാരൻ എന്ന നിലയിൽ ജനപ്രീതി നേടിയ മറ്റൊരു ആപ്ലിക്കേഷൻ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ മെറ്റയുടെ പുതിയ പ്രഖ്യാപനമനുസരിച്ച് ട്വിറ്ററിന് വലിയൊരു എതിരാളി വരികയാണ്. ഇൻസ്റ്റഗ്രാമിന്റെ ‘ത്രെഡ്സ് ആപ്പ്’ ആണ് ഓൺലൈൻ ലോകത്തെ പുതിയ താരം.
ജൂലൈ ആറിനാണ് ‘ത്രെഡ്സ്’ എന്ന പുതിയ ആപ്പ് ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നത്. പരിമിത ടെക്സ്റ്റിലധിഷ്ഠിതമായ ആശയവിനിമയമാണ് ആപ്പ് ഉപഭോക്താൾക്ക് നൽകുന്നത്. ഇൻസ്റ്റഗ്രാം ഉപയോഗിച്ചും ത്രെഡ്സിൽ ലോഗ്ഇൻ ചെയ്യാൻ കഴിയും.
ത്രെഡ്‌സിനെ കുറിച്ച് കൂടുതൽ അറിയാം..
മുകളിൽ സൂചിപ്പിച്ചതുപ്പോലെ പരിമിതമായ വാക്കുകളിലധിഷ്ഠിതമായ ത്രെഡ്‌സ്, ട്വിറ്ററിനു സമാനമായി 280 വാക്കുകളോ അതിൽ ചുരുക്കമോ ആയിരിക്കും ത്രെഡിസിലൂടെ പങ്കുവയ്‌ക്കാൻ സാധിക്കുക. എന്നിരുന്നാലും വാക്കുകളുടെ പരിമിതി ഇപ്പോൾ പുറത്തു വിട്ടിട്ടില്ല. സൗജന്യ സേവനം നൽകുന്ന ത്രെഡ്‌സിലെ പോസ്റ്റുകൾ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുമായി പങ്കിടാനും സാധിക്കും. ഉപഭോക്താക്കൾക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ വിവിധ ആപ് സ്റ്റോറുകളിൽ പ്രീ ഓർഡറായി ലഭിക്കുന്ന ആപ് വ്യാഴാഴ്‌ച്ചയോടെ എല്ലാവരിലുമെത്തിയേക്കാം.
മെറ്റയുടെ ത്രെഡ്‌സ് ആവശ്യത്തിലധികം വിവരങ്ങൾ ശേഖരിക്കുമെന്നാരോപിച്ച് ട്വിറ്റർ സ്ഥാപകരിലൊരാളായ ജാക് ഡോഴ്‌സി രംഗത്തു വന്നിരുന്നു. ധനകാര്യ വിവരങ്ങൾ, വ്യക്തി വിവരങ്ങൾ, ഹിസ്റ്ററി , ലൊക്കേഷൻ വിവരങ്ങൾ തുടങ്ങിയവ ത്രെഡ്‌സ് വിപുലമായി ശേഖരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിൽ പ്രതിസന്ധി നേരിടുന്ന ട്വിറ്ററിന്, ഇൻസ്റ്റഗ്രാമിന്റെ ഈ പുതിയ ആപ്ലിക്കേഷൻ വെല്ലുവിളി ഉയർത്തുമോയെന്ന് കാത്തിരുന്ന് കാണാം..
















Comments