കൊൽക്കത്ത: അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ വരവേറ്റ് കൊൽക്കത്ത. തിങ്കളാഴ്ചയാണ് താരം ഇന്ത്യയിലെത്തിയത്. മോഹൻബഗാൻ ക്ലബിന്റെ പെലെ-മറഡോണ-സോബേഴ്‌സ് ഗേറ്റ് എമിലിയാനോ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ബംഗാൾ ക്ലബിലും താരത്തിന് സ്വീകരണം നൽകി. കൊൽക്കത്തയുടെ സമ്പന്നമായ ഫുട്‌ബോൾ സംസ്‌കാരത്തിൽ മുഴുകിയ മാർട്ടിനെസ് തന്റെ സാന്നിധ്യം കൊണ്ട് ആരാധകരെ സന്തോഷിപ്പിക്കുകയും തനിക്ക് ലഭിച്ച വൻ സ്വീകരണത്തിൽ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഖത്തർ ലോകകപ്പ് ഫൈനലിൽ എതിരാളികളുടെ കിക്കുകൾ തടഞ്ഞ് അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു എമിലിയാനോ മാർട്ടിനസ്.
എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിലെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ക്ലബ്ബായ മോഹൻ ബഗാന്റെ ഫീൽഡിൽ പ്രവേശിച്ചപ്പോൾ ചുറ്റും മെസ്സി മെസ്സി എന്ന വിളികളായിരുന്നു. ഭാവിയിൽ മെസ്സി കളികളത്തിൽ ഉണ്ടാകില്ലെന്നും താരം പറഞ്ഞു. ലോകകപ്പ് നേട്ടത്തിനു പിന്നാലെ മെസ്സി തന്നോട് പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ താരം വിശദീകരിച്ചു. ‘ഷൂട്ടൗട്ടിന് ശേഷം മെസ്സി എന്റെ അടുത്തേക്ക് വന്ന് എന്നെ ആലിംഗനം ചെയ്തു. എന്നിട്ട് പറഞ്ഞു -‘നീ നമ്മളെ രണ്ടാം തവണയും രക്ഷിച്ചുവെന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല’. ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ അങ്ങനെ പറയുമ്പോൾ, അത് അവിശ്വസനീയമായ വലിയ ബഹുമതിയാണ്.
ലോകകപ്പിൽ ഓരോ മത്സരങ്ങൾക്കു മുമ്പും ലിയോ ഞങ്ങളോട് സംസാരിക്കാറുണ്ടായിരുന്നു. ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് അദ്ദേഹം പറഞ്ഞത് ഇങ്ങനെ- ‘എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും അങ്ങേയറ്റത്തെ നന്ദിയുണ്ട്’. ടീമിലെ താരങ്ങളെല്ലാവരും അദ്ദേഹത്തിനുവേണ്ടി ആ കലാശക്കളി ജയിക്കണമെന്ന് അത്രയേറെ മനസ്സിലുറപ്പിച്ചിരുന്നു.’ -മാർട്ടിനെസ് വ്യക്തമാക്കി.
















Comments