തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വ്യാപക മഴയിൽ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ എറണാകുളം,തൃശൂര്‍,കണ്ണൂർ,കാസർകോഡ്,കോഴിക്കോട്, കോട്ടയം,പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചത്. അതേസമയം പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. എംജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവച്ചെങ്കിലും മറ്റു സർവ്വകലാശാലകൾ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
ആലപ്പുഴ എറണാകുളം,തൃശൂര്‍,കാസർകോട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടി, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. സ്‌കൂളുകൾ, മദ്രസകൾ എന്നിവയടക്കമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ ഉൾപ്പെടുന്ന അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പി.എസ്.സി. പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു.
കനത്ത മഴയും കടലാക്രമണവും തുടരുന്നതിനാൽ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷകൾ, പിഎസ്‌സി പരീക്ഷകൾ എന്നിവ മുൻനിശ്ചയപ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.
















Comments