തിരുവനന്തപുരം: ഏപ്രിലിൽ റേഷൻ കിട്ടാത്തത് 2.66 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക്. പിങ്ക്, മഞ്ഞ എന്നീ കാർഡ് ഉടമകൾക്കാണ് റേഷൻ ലഭിക്കാത്തത്. റേഷൻ നിഷേധിക്കപ്പെട്ടതിനെ സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ കമ്മിഷന് ലഭിച്ച പരാതിയിലെ അന്വേഷണം രാഷ്ട്രീയ ഇടപെടലിലൂടെ അട്ടിമറിച്ചു. സെർവർ തകരാർ മൂലം കടകൾ അടച്ചിടേണ്ടി വന്നതിനാൽ റേഷൻ കിട്ടിയില്ലെന്ന പരാതിയിലെ അന്വേഷണമാണ് അട്ടിമറിച്ചത്.
മുൻ എംഎൽഎ ജോസഫ് എം.പുതുശ്ശേരി കമ്മിഷൻ ചെയർമാനായ കെ.വി. മോഹൻകുമാറിന് നൽകിയ പരാതിയിലെ അന്വേഷണമാണ് രാഷ്ട്രീയ സ്വാധീനം മൂലം അട്ടിമറിച്ചത്. ജോസഫ് നൽകിയ പരാതി ജില്ലാതല പരാതിപരിഹാര ഓഫിസർമാരായ അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റുമാർക്ക് കൈമാറി നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെടാതെ കമ്മിഷൻ സെക്രട്ടറി കത്തയച്ചു. കമ്മിഷനിലെ അംഗങ്ങളും വകുപ്പിലെ ഉന്നതരും ഒത്തുകളിച്ച് റിപ്പോർട്ട് ആവശ്യപ്പെടുന്നത് ഒഴിവാക്കുകയായിരുന്നു.
എഡിഎമ്മുമാർ ജില്ലാ സപ്ലൈ ഓഫിസർമാരോട് റിപ്പോർട്ട് തേടിയിരുന്നെങ്കിൽ റേഷൻ ലഭിക്കാത്തവർക്ക് കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമ പ്രകാരം ഭക്ഷ്യവസതുക്കൾക്ക് പകരം പണം ലഭിക്കുമായിരുന്നു. എന്നാൽ രണ്ട് മാസത്തോളം അന്വേഷണം നടക്കാതെ വന്നതോടെ കണക്കെടുപ്പ് ഇനി എളുപ്പമല്ല. പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് ജോസഫ് എം.പുതുശ്ശേരി കമ്മിഷൻ മെമ്പർ സെക്രട്ടറിയ്ക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. അന്വേഷണം നടക്കാതിരിക്കാൻ മന്ത്രി ഓഫിസിൽ നിന്ന് നിരവധി രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് ജോസഫ് ആരോപിച്ചു.
Comments