മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി20 പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ മലയാളിതാരം സഞ്ജു സാംസണും ഇടംപിടിച്ചു. അജിത് അഗാർക്കർ മുഖ്യ സെലക്ടറായതിന് ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനമായിരുന്നുയിത്. സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമക്കും വിരാട് കോലിക്കും വിശ്രമം നൽകി. നേരത്തെ ഏകദിന ടീമിലും സഞ്ജു സാംസൺ ഇടംപിടിച്ചിരുന്നു.
ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, തിലക് വർമ, മുകേഷ് കുമാർ എന്നിവർ ടി20 ടീമിൽ ഇടം നേടിയപ്പോൾ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും സ്ഥാനം നിലനിർത്തി. സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനൊപ്പം ജിതേഷ് ശർമ ടി20 ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കൽ കൂടി സഞ്ജു സാംസണ് അവസരം നൽകുകയായിരുന്നു.
പേസർമാരായ അർഷ്ദീപ് സിംഗും ആവേശ് ഖാനും ടീമിൽ തിരിച്ചെത്തിയപ്പോൾ മുഹമ്മദ് ഷമിക്ക് ടി20 ടീമിലും വിശ്രമം നൽകി. ഉമ്രാൻ മാലിക്കും സ്പിന്നറായ രവി ബിഷ്‌ണോയിയും ടീമിൽ തിരിച്ചെത്തി. അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവരും സ്പിന്നർമാരായി ടീമിലുണ്ട്.
ഇന്ത്യൻ ടീം: ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ് , സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ.
Comments