ഇപ്പോൾ ആരാധകർക്കൊരു പ്രതീക്ഷയുണ്ട്..നമ്മുടെ ഇന്ത്യയൊരിക്കൽ ലോകകപ്പ് എന്ന വിശ്വപോരാട്ടത്തിൽ പന്ത് തട്ടാനിറങ്ങും എന്ന പ്രതീക്ഷ. പരിമിതികളുടെ നടുവിൽ നിന്ന് ഈ ടീം പുറത്തെടുക്കുന്ന പോരാട്ടവീര്യവും തോൽക്കില്ലെന്ന മനോഭാവവും കോടിക്കണക്കിന് പേരുടെ ആ വിശ്വാസത്തിന് കാരണമായി. ഒരു പക്ഷേ ആ സ്വപ്നത്തിലേക്ക് നടന്നെത്താൻ അവർക്ക് കാലങ്ങളെടുക്കുമായിരിക്കും…പക്ഷേ അവർ അതൊരിക്കൽ നേടുക തന്നെ ചെയ്യും. അതിന് ഏത് സാഹചര്യത്തിലും അവർക്ക് പിന്തുണ നൽകി കൂടെനിൽക്കുകയാണ് വേണ്ടത്.
ഇന്ത്യൻ ഫുട്ബോൾ സമാനതകളിലാത്ത വളർച്ചയുടെ പാതയിലാണ്. വളർന്നുവരുന്നവർക്കും ഇപ്പോഴുള്ളവർക്കും അടിസ്ഥാന സൗകര്യങ്ങളൊരുക്കി അവരെ ലോകോത്തര നിലവാരത്തിലേക്ക് വളർത്തിയെടുക്കേണ്ടതിന്റെ ചുമതല ഓരോ സർക്കാരിനുമുണ്ട്. അതിനാകണം മുൻഗണന നൽകേണ്ടത്. ഫിഫയുടെ ലോക റാങ്കിംഗിൽ നിലവിൽ 100-ാം സ്ഥാനത്താണ് നീലകടുവകൾ. നൂറെന്നുള്ളത് അമ്പതിനടുത്ത് വരുന്ന കാലവും വിദൂരമല്ല. ഏഷ്യയിൽ 17-ാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയ്‌ക്ക് ജൂലൈ 27 വരെ ഈ സ്ഥാനത്തത് തുടരാനായാൽ 2026ലെ ലോകപ്പ് യോഗ്യതയും ഏളുപ്പത്തിലാക്കാം. 2026ലെ ലോകപ്പ് ക്വാളിഫയറിന്റെ പ്ലോട്ട് 2വിലായിരിക്കും എങ്കിൽ നീലകടുവകൾ എത്തുക. പങ്കാളിത്തം തന്നെ വലിയൊരു സ്വപ്നമായി അവശേഷിച്ചിരുന്ന ഇന്ത്യൻ ജനതയ്‌ക്കിപ്പോൾ അതൊരു വിശ്വാസമാണ്.
ഈ വർഷം ഇന്ത്യ കളിച്ച ടൂർണമെന്റുകളില്ലാം കിരീടം ചൂടിയെന്നത് മാത്രമല്ല ആ വിശ്വാസത്തിന് കാരണം. ഏതൊരു എതിരാളിക്ക് മുന്നിലും നിസാരമായി തോറ്റുകൊടുക്കില്ലെന്നും അവസാന നിമിഷം വരെയും ജയത്തിനായി പോരാടുമെന്ന് നീലപ്പട ഇന്ന് ആരാധകർക്ക് മുന്നിൽ പലകുറി തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഫുട്‌ബോൾ ആരാധകരോട് ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിലേക്കെത്താൻ നായകൻ സുനിൽ ഛേത്രി ആവശ്യപ്പെടുന്ന വിഡീയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. എന്നാൽ ഇന്ന് കഥമാറി ആരാധകർ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഒരു അപേക്ഷയും കൂടാതെ ഒഴുകിയെത്തുന്നു. ഏതൊരു മത്സരവും നിറഞ്ഞ ഗ്യാലറിയിൽ നടക്കുന്നു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നീലകടുവകൾ സാഫ്കപ്പ് കിരീടമുയർത്തുമ്പോൾ മുഴങ്ങിയ വന്ദേമാതരം തന്നെ അതിനുദാഹരണം.
ഇന്ത്യയുടെ 2026 ലെ ലോകകപ്പ് മോഹങ്ങളെ പറ്റിയാണ് ഫുട്‌ബോൾ പ്രേമികൾ ഇപ്പോൾ ചിന്തിക്കുന്നത്. ലോകകപ്പിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ജർമ്മനി തുടങ്ങിയ ടീമുകൾക്കായി ആർപ്പുവിളിച്ചിരുന്ന ഒരു ജനത ഉറ്റുനോക്കുന്നത് സുനിൽ ഛേത്രിയും അൻവർ അലിയും ഗുർപ്രീത് സിങ് സന്ധു എന്നിവരടങ്ങുന്ന ടീമിനായി ആർപ്പുവിളിക്കുന്നതാണ്. നൂറ്റിമുപ്പത് കോടിയിലധികം വരുന്ന ജനതയുടെ കാത്തിരിപ്പിന്റെ വിരാമമാകും ഇന്ത്യയുടെ പങ്കാളിത്തം.
2026 ലോകകപ്പ് യോഗ്യത മൽസരങ്ങൾ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ആരാധകരും പ്രതീക്ഷയുടെ നെറുകയിലാണ്. ഇത്തവണ ലോകകപ്പ് കളിക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചേക്കുമെന്ന് ചിലരെങ്കിലും സ്വപ്നം കാണുന്നുണ്ട്. അതിനുള്ള നിർണായകമായ ഒരു ഘട്ടവും ഇന്ത്യ പിന്നിട്ടു. എഎഫ്‌സി ലോകകപ്പ് യോഗ്യതക്കുളള ഗ്രൂപ്പുകളെ തരംതിരിക്കുന്നതിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യ പോട്ട് രണ്ടിൽ ആദ്യമായി എത്തിയതാണ്.
എഎഫ്‌സി രാജ്യങ്ങളെ റാങ്കിങ് അടിസ്ഥാനത്തിൽ 1-25 വരെയുള്ള രാജ്യങ്ങളെ 3 പോട്ടുകൾ ആയാണ് തരം തിരിക്കുക. ആദ്യ 2 പോട്ടുകളിൽ 9 വീതവും, പോട്ട് 3 ൽ 7 ടീമുകളുമാണ് റാങ്കിംഗ് അടിസ്ഥാനത്തിൽ വരിക. 27-46 വരെയുള്ള ബാക്കി 22 ടീമുകളെ പോട്ട് 4 ലും ഉൾപ്പെടുത്തും. ആദ്യ 3 പോട്ടുകളിൽ ഉള്ള മുഴുവൻ ടീമും നേരിട്ട് സെക്കന്റ് റൗണ്ടിന് യോഗ്യത നേടുന്നവർ ആണ് അവർക്ക് ആദ്യ റൗണ്ട് കളികൾ ഇല്ല. ഫിഫ, എഎഫ്സി റാങ്കുകളുടെ അടിസ്ഥാനത്തിലാണ് പോട്ടുകൾ തരംതിരിക്കുന്നത്.
റാങ്കിംഗിൽ ഏറ്റവും മുന്നിലുള്ള 9 ടീമുകൾ പോട്ട് ഒന്നിൽ ഉൾപ്പെടും. ഏഷ്യയിലെ അതിശക്തരായ ടീമുകളാകും ഈ പോട്ടിൽ ഉണ്ടാകുക. നിലവിൽ ഇന്ത്യ പോട്ട് രണ്ടിൽ ആണ്. അതായത് ഇന്ത്യയുടെ ഗ്രൂപ്പിൽ ഒരു അതിശക്ത ടീമേ ഉണ്ടാകൂ. ബാക്കി രണ്ടു ടീമും റാങ്കിംഗിൽ പിന്നിൽ ഉള്ളവരായിരിക്കും.
36 ടീമുകളെ 9 ഗ്രൂപ്പുകളാക്കിയാണ് രണ്ടാംറൗണ്ട് നടക്കുന്നത്. ഇന്ത്യ ഇത്തവണ നേരിട്ട് രണ്ടാം റൗണ്ട് മുതലാണ് മൽസരിക്കുന്നത്. ഒരു ഗ്രൂപ്പിൽ നാല് ടീം വീതം. രണ്ടാം റൗണ്ട് കടന്നെത്തുന്ന 18 ടീമുകളെ മൂന്ന് ഗ്രൂപ്പിൽ 6 വീതം ടീമുകൾ ആക്കി തിരിച്ചു റൗണ്ട് റോബിൻ ഫോർമാറ്റിൽ തന്നെ മത്സരങ്ങൾ നടക്കും.ആകെ 18 ടീമുകളിൽ പകുതി ടീമുകൾക്കും ലോകകപ്പ് കളിക്കാമെന്നുള്ളത് ഇന്ത്യയുടെ പ്രതീക്ഷകളെ വർധിപ്പിക്കും.
എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ കടമ്പ മൂന്നാം റൗണ്ട് മത്സരങ്ങൾ ആയിരിക്കും. മറ്റു 5 ടീമുകളിൽ വൻശക്തികളായ ഗ്രൂപ്പുകൾ ഉൾപ്പെടെ ഇന്ത്യക്കൊപ്പം ഉണ്ടാകും. ഗ്രൂപ്പ് മൂന്നിലെ ആറ് ടീമുകളിൽ നിന്ന് ആദ്യ രണ്ട് രണ്ട് സ്ഥാനക്കാർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ഇന്ത്യയ്‌ക്ക് മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ മൂന്നാം റൗണ്ടിൽ ഫിനിഷ് ചെയ്യാനായാൽ നാലാം റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കും. നാലാം റൗണ്ടിൽ മൂന്നാം റൗണ്ടിലെ മൂന്ന് ഗ്രൂപ്പിലെയും 3,4 സ്ഥാനക്കാർ രണ്ട് ഗ്രൂപ്പുകളിലായി മൂന്ന് വീതം ടീമുകൾ എന്ന രീതിയിൽ മത്സരിക്കും. ഇരു ഗ്രൂപ്പിലും ഒന്നാമതെത്തുന്ന ടീം നേരിട്ട് ലോകകപ്പ് യോഗ്യത നേടും.
യാഥാർത്ഥ്യത്തിൽ ഇന്ത്യയുടെ ലോകകപ്പ് സാധ്യത റൗണ്ട് മൂന്നിന് അപ്പുറത്തേക്ക് കടക്കില്ല, പക്ഷെ ഭാഗ്യവും, ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങളുടെ അടിസ്ഥാനവും നോക്കിയാൽ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സാധ്യതകൾ ഉയർത്തും. ആദ്യ റൗണ്ടിലേയും രണ്ടാമത്തെ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടുന്ന ആദ്യ 25 ടീമുകളെയും ജൂലൈ 27ന് അറിയാൻ സാധിക്കും. ഇന്ത്യൻ ഫുട്ബാൾ ഉറ്റ് നോക്കുന്ന പ്രതീക്ഷകളുടെ നല്ല കുറച്ച് നാളുകളും വർഷങ്ങളുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
Comments