മുംബൈ; കരീബിയൻ കരുത്തിനെ തറപറ്റിച്ച് ഇന്ത്യ ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ട് നാലുപതിറ്റാണ്ട് പിന്നിടുന്നു. എന്നാലിപ്പോൾ ഇന്ത്യയുടെ പോരാട്ട വിജയത്തെ ഭാഗ്യംകൊണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിൻഡീസ് പേസ് ബൗളിംഗ് ഇതിഹാസം ആൻഡി റോബർട്‌സ്.
ആൻഡി റോബർട്‌സ് 1975, 1979 ലോകകപ്പുകൾ ജയിച്ച ടീമുകളിലുണ്ടായിരുന്നു. 1983 ലോകകപ്പ് ഫൈനലിൽ ആൻഡി റോബർട്‌സ് ഉൾപ്പെട്ട വിൻഡീസ് ടീമിനെ തോൽപിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ ഒരു താരത്തിന്റെയും പ്രകടനം മികച്ചതെന്നു പറയാനില്ലെന്നും റോബർട്‌സ് വ്യക്തമാക്കി. ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ വീഴത്തിയ റോബർട്‌സ് പക്ഷേ ബാറ്റിംഗിൽ പരാജയമായിരുന്നു.
” ഞങ്ങൾക്ക് അതു മോശം മത്സരമായിരുന്നു. 1983ൽ ഇന്ത്യയെ ഭാഗ്യം തുണച്ചു. ഇത്രയും വലിയൊരു ടീം ഉള്ള വെസ്റ്റിൻഡീസ് 1983ൽ രണ്ടു കളികളാണ് തോറ്റത്, അതു രണ്ടും ഇന്ത്യയോടായിപ്പോയി. ലോകകപ്പിനു അഞ്ചോ, ആറോ മാസങ്ങൾക്കു ശേഷം വെസ്റ്റിൻഡീസ് ഇന്ത്യയെ 60ന് തോൽപിച്ചിട്ടുണ്ട്. ഫൈനലിൽ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.” ആൻഡി റോബർട്‌സ് ഒരു ദേശീയ മാദ്ധ്യമത്തോടു പറഞ്ഞു.
”ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ മികച്ചതെന്നു പറയാൻ ഒരു ഇന്നിംഗ്‌സ് പോലുമില്ല. ആർക്കും അർധ സെഞ്ചറി ലഭിച്ചില്ല. ബോളർമാരുടെ കാര്യമാണെങ്കിൽ ആരും നാലോ, അഞ്ചോ വിക്കറ്റുകളൊന്നും നേടിയിട്ടില്ല. അതുകൊണ്ടു തന്നെ മികച്ചതെന്നു പറയാവുന്ന വ്യക്തിഗത പ്രകടനം ഇന്ത്യയ്‌ക്കില്ല. വിവിയൻ റിച്ചാർഡ്‌സിന്റെ പുറത്താകലാണ് വെസ്റ്റിൻഡീസിനു തിരിച്ചടിയായത്. അതുവരെ ഞങ്ങളായിരുന്നു മികച്ചവർ. പക്ഷേ ആ പുറത്താകലിൽ നിന്നു ഞങ്ങൾക്കു കരകയറാൻ സാധിച്ചില്ല.”ആൻഡി റോബർട്‌സ് പ്രതികരിച്ചു.
















Comments