ജയ്പൂർ: കേന്ദ്രമന്ത്രി നൽകിയ മാനനഷ്ടക്കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി കോടതി. ഓഗസ്റ്റ് ഏഴിന് ഡൽഹി റൂസ് അവന്യൂ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് അശോക് ഗെലോട്ടിന് സമൻസ് അയച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് നൽകിയ മാനനഷ്ടക്കേസിലാണ് നടപടി. എംപി-എംഎൽഎ കോടതിയിലെ പ്രത്യേക ജഡ്ജി ജസ്റ്റിസ് ഹർജീത് സിംഗ് ജസ്പാലാണ് സമൻസ് അയച്ചത്.
900 കോടി രൂപയുടെ സഞ്ജീവനി ക്രെഡിറ്റ് സൊസൈറ്റി അഴിമതിയിൽ മുഖ്യമന്ത്രി തന്നെ അപകീർത്തിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഏപ്രിലിലാണ് റൂസ് അവന്യൂ കോടതിയെ സമീപിച്ചത്. ഗെഹ്ലോട്ട് തന്നെയും മരിച്ചുപോയ തന്റെ അമ്മയെയും കുടുംബത്തെയും ‘പ്രതി’ എന്ന് വിളിച്ച് അപകീർത്തിപ്പെടുത്തിയെന്നും ഷെഖാവത്ത് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
രാജസ്ഥാൻ സർക്കാർ കേസ് അന്വേഷിക്കുമ്പോൾ തന്റെ പേര് എവിടെയും ഉണ്ടായിരുന്നില്ലെന്ന് ഷെഖാവത്ത് അവകാശപ്പെട്ടു. മാനനഷ്ടത്തിന് ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം ക്രിമിനൽ കുറ്റത്തിന് അശോക് ഗെഹ്ലോട്ടിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും മാനനഷ്ടത്തിന് ഉചിതമായ സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും ഷെഖാവത്ത് കോടതിയിൽ ആവശ്യപ്പെട്ടു.
നേരത്തെ കേന്ദ്രമന്ത്രിയുടെ മാനനഷ്ട പരാതിയിൽ അന്വേഷണം നടത്തി ഏപ്രിൽ 25-നകം റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിനോട് കോടതി നിർദ്ദേശിച്ചിരുന്നു. അന്ന് അശോക് ഗെലോട്ടിനെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ സമർപ്പിച്ച കുറ്റപത്രങ്ങളിലൊന്നും അദ്ദേഹത്തിന്റെയോ കുടുംബാംഗങ്ങളുടെയോ പേരുകളോ അന്വേഷണ ഏജൻസികളോ കോടതിയോ പുറത്തുവിട്ടിരുന്നില്ല.
















Comments