എറണാകുളം: മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ചമഞ്ഞ് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം സ്വദേശി സമാന കേസിൽ നേരത്തെയും അറസ്റ്റിലായിരുന്നതായി പോലീസ്. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനെ (37) കൊച്ചി സിറ്റി നോർത്ത് പോലീസാണ് പിടികൂടിയത്.പഠനത്തിനായി കൊച്ചിയിലെത്തിയ 17-കാരനോട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറാണെന്ന് വിശ്വസിപ്പിച്ച് പ്രതി സൗഹൃദം സ്ഥാപിക്കുകയും പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു.
ജൂലൈ 2ന് രാത്രി പാലാരിവട്ടത്തുനിന്ന് കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ സുഹൃത്തുക്കളായ രണ്ടുപേരെയും പ്രതി ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. മഞ്ചേരിയിലെ ഒരു പോക്‌സോ കേസിൽ പ്രതി മുഹമ്മദ് ലുഖ്മാൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയതിരുന്നു.
2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകുന്ന 17കാരനെ മഞ്ചേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നും ബൈക്കിൽ കയറ്റിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന ഇയാൾ മറ്റൊരു ദിവസം കുട്ടിയെ അങ്ങോട്ട് വിളിച്ചുവരുത്തി. എന്നാൽ എറണാകുളം റെയിൽവേസ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞ കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ഇവരുടെ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് തൃക്കാക്കര പോലീസ് കേസെടുത്ത് മഞ്ചേരി പൊലീസിന് കൈമാറി. അറസ്റ്റിലായ പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചിരുന്നു.
















Comments