റായ്പൂർ: കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രം അഴിമതിയാണെന്നും ഛത്തീസ്ഗഢ് അതിന്റെ എടിഎമ്മാണെന്നും റായ്പൂർ സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് അഴിമതിയ്‌ക്ക് ഗ്യാരണ്ടിയാണെങ്കിൽ അഴിമതിക്കെതിരെയുള്ള നടപടിയുടെ ഉറപ്പ് താനാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് അഴിമതിയില്ലാതെ ശ്വസിക്കാൻ പോലും സാധിക്കില്ലെന്നും വിമർശിച്ചു. ഛത്തീസ്ഗഢിലെ അഴിമതി നിറഞ്ഞ സർക്കാർ ദുർഭരണത്തിന്റെ മാതൃകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘വരാനിരിക്കുന്ന 25 വർഷം ഛത്തീസ്ഗഢിന്റെ വികസനത്തിന് നിർണായകമാണ്. എന്നാൽ ഒരു വലിയ ‘കൈപ്പത്തി’ (കോൺഗ്രസ് ചിഹ്നമായ കൈപ്പത്തി) ഉയരമുള്ള മതിൽ പോലെ വികസനത്തിന് മുന്നിൽ നിൽക്കുന്നു. കോൺഗ്രസിന്റെ ആ കൈപ്പത്തി നിങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ തീരുമാനിച്ചു. ഛത്തീസ്ഗഢിനെ അവർ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 2018 -ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചും അദ്ദേഹം ജനങ്ങളെ ഒർമ്മിപ്പിച്ചു.
ഛത്തീസ്ഗഢിൽ മദ്യനിരോധനം നടപ്പാക്കുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയില്ല. ഇതുവഴി സംസ്ഥാനത്തെ സ്ത്രീകളെ കോൺഗ്രസ് സർക്കാർ വഞ്ചിച്ചുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോടികളുടെ മദ്യ അഴിമതിയാണ് അവർ നടത്തിയത്. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടിൽ അഴിമതി പണം കുമിഞ്ഞു കൂടിയെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ ഛത്തീസ്ഗഢ് കോൺഗ്രസിന്റെ എടിഎമ്മായി മാറിയിരിക്കുന്നു. മദ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരിൽ അഴിമതി നടന്നത്, അഴിമതി നടക്കാത്ത വകുപ്പുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാർ ദുർഭരണത്തിന്റെ മാതൃകയാണ്. അഴിമതിയുടെ കറപുരണ്ടവർ ഇന്ന് ഒന്നിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ ഐക്യ ശ്രമത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. റായ്പൂരിൽ 7,600 കോടി രൂപയുടെ എട്ട് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
Comments