കാൽഗറി:ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പൺ സെമി ഫൈനലിൽ പ്രവേശിച്ചു. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ നേടിയിട്ടുളള പി വി സിന്ധു ചൈനയുടെ ഗാവോ ഫാങ് ജിയെയാണ് കീഴടക്കിയത്. നേരിട്ടുളള രണ്ട് ഗെയിമുകളിൽ ചൈനീസ് താരത്തെ 21-13, 21-7 എന്നീ സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. സെമിയിൽ ജപ്പാന്റെ ഒന്നാം സീഡായ അകാന യമാഗുച്ചിയെയാണ് താരം നേരിടുക. ജപ്പാനെതിരെ നടന്ന 14 മത്സരങ്ങളിൽ വിജയിക്കുകയും ഒമ്പത് മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിട്ടുണ്ട് താരം.
2022ലെ കോമൺവെൽത്ത് ഗെയിംസ് ജേതാവായ ലക്ഷ്യ സെൻ ജർമ്മനിയുടെ ജൂലിയൻ കരാഗിയെ 21-8, 17-21, 21-10 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നേടിയ താരത്തിന് രണ്ടാം ഗെയിമിൽ കാലിടറിയെങ്കിലും ശക്തമായി തിരിച്ചു വരികയായിരുന്നു. സെമിയിൽ ജപ്പാന്റെ കെന്റ നിഷിമോട്ടോയാണ് ലക്ഷ്യയുടെ എതിരാളി.
ജൂലൈ 4ന് ആരംഭിച്ച കാനഡ ഓപ്പൺ അവസാനിക്കുക ജൂലൈ 9-തിനാണ്.
Comments