കൊല്ലം: പ്രമുഖ സിനിമ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു. 90 വയസ്സായിരുന്നു. ജനറൽ പിക്‌ച്ചേഴ്‌സ് ഉടമയും കേരളത്തിന്റെ കശുവണ്ടി വ്യവസായത്തിന്റെ മുഖമുദ്രയുമായിരുന്നു അദ്ദേഹം. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. രവീന്ദ്രൻ നായർ എന്നതായിരുന്നു യഥാർത്ഥ പേര്.
കാഞ്ചനസീത, കുമ്മാട്ടി, എലിപ്പത്തായം, അന്വേഷിച്ചു കണ്ടെത്തിയില്ല, പോക്കുവെയിൽ എന്നീ ഒരുപിടി നല്ല സിനിമകളുടെ നിർമ്മാതാവായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ പുതിയ സങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ കുമ്മാട്ടി പ്രദർശിപ്പിച്ചത്. മലയാളസിനിമയെ ലോക സിനിമാ ഭൂപടത്തിൽ രേഖപ്പെടുത്താനും ഒരുപിടി നല്ല സംവിധായകരെ നൽകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
മികച്ച നിർമ്മാതാവിനുളള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ നേടിയ അച്ചാണി രവി 2008ൽ ജെ.സി ഡാനിയൽ പുരസ്‌കാരത്തിനും അർഹനായി. ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗമായും ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Comments